സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടുകൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്

0
29

റിയാദ്: സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട. കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെ (CMF) കമ്പൈൻഡ് ഫോഴ്‌സ് 150 (CTF 150) ന്റെ മേൽനോട്ടത്തിലാണ് സമീപകാലത്തെ തന്നെ വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. കമ്പൈൻഡ് ഫോഴ്‌സ് 150 ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാകിസ്ഥാൻ കപ്പലായ PNS യർമൂക്ക് കപ്പൽ സേനയാണ് മാസ്മാക് എന്ന ഓപ്പറേഷനിൽ അറബിക്കടലിൽ 972.4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് വിജയകരമായി പിടികൂടിയത്.

അമേരിക്കയും ഉൾപ്പെടുന്ന നാവിക പങ്കാളിത്തത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെ കീഴിൽ പാകിസ്ഥാൻ നാവിക കപ്പൽ 48 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത ഡോ സെയിലിംഗ് ബോട്ടുകൾ തടഞ്ഞുവെന്ന് അധികൃതർ വെളിപ്പെടുത്തി. ടൺ കണക്കിന് ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും ഏതാനും കൊക്കെയ്‌നും പിടിച്ചെടുത്തതായി സിഎംഎഫ് പ്രസ്താവനയിൽ പറഞ്ഞു.

ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) വഴി കണ്ടെത്താൻ കഴിയാത്ത രൂപത്തിൽ പുറത്ത് പ്രത്യേക അടയാളങ്ങളൊന്നും ഇല്ലാത്തതുമായ രണ്ട് പായ്ക്കപ്പലുകളിലാണ് പിഎൻഎസ് യർമൂക്ക് പരിശോധന നടത്തിയത്. പിടികൂടിയ ബോട്ടുകൾ ഒരു രാജ്യത്തിന്റെ പേരിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിഎംഎഫിന് ലഭിച്ച ഏറ്റവും വിജയകരമായ മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ ഒന്നായിരുന്നു ഇതെന്ന് ഓപ്പറേഷൻ നടത്തുന്ന സിഎംഎഫ് ടാസ്‌ക്‌ഫോഴ്‌സിന്റെ കമാൻഡർ റോയൽ സഊദി നേവൽ ഫോഴ്‌സ് കമ്മഡോർ ഫഹദ് അൽജോയാദ് പറഞ്ഞു

ആദ്യത്തെ ഡോവിൽ കയറിയ സംഘം 822.4 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. മണിക്കൂറുകൾക്കുള്ളിൽ നടന്ന രണ്ടാമത്തെ ഡോവിൽ കയറിയുള്ള പരിശോധനയിൽ 140 മില്യൺ ഡോളർ വിലമതിക്കുന്ന 350 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 10 മില്യൺ ഡോളർ വിലമതിക്കുന്ന 50 കിലോഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു.

47 രാജ്യങ്ങളുടെ നാവികസേന ഉൾപ്പെടുന്ന സിഎംഎഫ്, ലോകത്തിലെ ഏറ്റവും തിരക്കേറിയ ചില കപ്പൽ പാതകൾ ഉൾപ്പെടെ മൂന്ന് ദശലക്ഷം ചതുരശ്ര മൈലിലധികം കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ആയുധങ്ങൾ, മയക്കുമരുന്നുകൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കടത്തുന്നതിനുള്ള രാജ്യന്തര സംഘങ്ങളെ തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതാണ് സംയുക്ത ടാസ്‌ക് ഫോഴ്‌സ് 150 ന്റെ ദൗത്യം.