കൊണ്ടോട്ടി: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ – കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നല്കി വരുന്ന “റഹീം മേച്ചേരി പുരസ്കാരം” നവംബർ 4 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊഫ. ഖാദർ മൊയ്തീൻ പി.എ.റഷീദിന് സമ്മാനിക്കും. പരിപാടിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷിർ എം.പി., മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം, യൂത്ത് ലീഗ് പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ടി.വി.ഇബ്രാഹീം എം എൽ എ, എം.സി വടകര, അഡ്വ.ഫൈസൽ ബാബു, പി.എ.ൽ ജബ്ബാർ ഹാജി തുടങ്ങി പ്രമുഖ ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
മാധ്യമ പ്രവര്ത്തകന്, പ്രഭാഷകന്‍, പരിഭാഷകൻ,കോളമിസ്റ്റ്, സാമൂഹ്യ നിരീക്ഷകൻ,സാംസ്കാരിക പ്രവര്ത്തകന് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് പി. എ റഷീദിനെ ഈ വർഷത്തെ മേച്ചേരി പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, സർവ്വകലാശാല പബ്ലിക് റിലേഷൻ ഓഫീസർ, സി.എച്ഛ് മുഹമ്മദ് കോയ ചെയർ ഡയറക്ടർ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ച അവാർഡ് ജേതാവ് കേരള സർക്കാരിൻറെ പബ്ലിക് റിലേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ, ന്യൂഡൽഹിയിലും എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലും കോഴിക്കോട് മേഖലാ അഡീഷണൽ ഡയറക്ടറായും സേവനം ചെയ്തു. കേരള സർക്കാർ ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. കേരള മീഡിയ അക്കാഡമിയുടെ അസിസ്റ്റൻന്റ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.
മമ്പാട് എം.ഇ .എസ് കോളേജിൽ നിന്ന് ബിരുദവും, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ പി.എ. റഷീദ് ചന്ദ്രിക, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ പത്രാധിപ സമിതി അംഗമായും ഗ്രേസ് ബുക്ക്സ് ജനറൽ എഡിറ്ററായും സേവനം ചെയ്തിട്ടുണ്ട്. ഗ്രേസ് ബുക്ക്സ് പുറത്തിറക്കിയ സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന നായകരുമായി അറിയപ്പെട്ട 18 ചരിത്ര പുരുഷൻമാരുടെ ജീവചരിത്രം ഉൾക്കൊള്ളുന 18 പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.

ഇതിന് പുറമെ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടേറെ മുസ്ലിം ലീഗ് ചരിത്ര ഗ്രന്ഥങ്ങളുടെയും സോവനീറുകളുടെയും എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്. നിലവിൽ മലപുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന ദേശീയ നിർവാഹക സമിതി അംഗം, സിജി എക്സിക്യൂട്ടീവ് മെമ്പർ എന്നീ പദവികൾ വഹിക്കുന്നുണ്ട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.
ചന്ദ്രിക പത്രാധിപരും ഗ്രന്ഥകാരനും, മികച്ച രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥം 2007 ലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി മേച്ചേരി പുരസ്കാരം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന മേച്ചേരി പുരസ്കാരം ഇ.ടി മുഹമ്മദ് ബശീര്‍, എം.സി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങള്‍, റഹ്മാൻ തായലങ്ങാടി എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സമ്മാനിച്ചിരുന്നത്.
കൊണ്ടോട്ടിയിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അവാർഡ് ദാന പരിപാടി വിജയിപ്പിക്കാൻ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ കൊണ്ടോട്ടിൽ ചേർന്ന കെ.എം.സി.സി നേതാക്കളുടെയും പാർട്ടി ഭാരവാഹികളുടെയും യോഗം അന്തിമരൂപം നൽകി.



