വാഷിങ്ടൻ: ഗാസ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ നടപടിയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു.
‘ഹമാസ് ഇപ്പോൾ ഇറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അവർ ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഗാസയിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ചെയ്യുക അസാധ്യമാണ്. ഇത് ഗാസയെക്കുറിച്ച് മാത്രമല്ല, മധ്യപൂർവദേശത്തിന്റെ ആകെ സമാധാനത്തിനു വേണ്ടിയുള്ളതാണ്’–ട്രംപ് പറഞ്ഞു.
അതേസമയം, ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വിഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ക്യാമറയ്ക്കു മുന്നിൽ ട്രംപ് സംസാരിക്കുന്ന ചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.