കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; കണ്ടെത്തിയത് സ്കൂളിലെ ശുചിമുറിയിൽ നിന്ന്

0
226

ഫറോക്ക്: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി അസം സ്വദേശി പ്രസൻജിത്തിനെ (21) പിടികൂടി. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഫറോക്ക് ചന്ത ജിഎം യുപി സ്കൂളിലെ ശുചിമുറിയിൽനിന്നാണ് പ്രതി പിടിയിലായത്. പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെയാണ് പ്രസൻജിത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. 

പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായാണ് ഇയാൾ കഴിഞ്ഞദിവസം നാടു വിട്ടത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ കണ്ടെത്തിയ ഇരുവരെയും രാവിലെ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രസൻജിത്തിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ നിർത്തിയതായിരുന്നു. പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ ഓടിപ്പോയത്.