റിയാദ്: അമേരിക്കയെ മുട്ട് കുത്തിച്ച സഊദി അറേബ്യയുടെ ധീരമായ ആ തീരുമാനത്തിന് 48 വർഷത്തെ പഴക്കം. അനാവശ്യമായി അറബ് രാജ്യങ്ങളെ ആക്രമിച്ച ഇസ്‌റാഈൽ നടപടിയിൽ പിന്തുണ നൽകിയ അമേരിക്കൻ നിലപാടിനെതിരെ അന്നത്തെ സഊദി ഭരണാധികാരി ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ധീരമായ നിലപാട് അമേരിക്കയെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുകയും ഒടുവിൽ സഊദിയുടെ നിലപാട് അംഗീകരിക്കുകയുമായിരുന്നു. അന്നും എണ്ണ മേഖലയിൽ കുത്തക നില നിർത്തിയിരുന്ന സഊദി അറേബ്യ അമേരിക്കക്ക് നൽകിയിരുന്ന എണ്ണ കയറ്റുമതി നിർത്തി വെക്കാൻ ഫൈസൽ രാജാവ് നടത്തിയ പ്രഖ്യാപനം ഏറെ ധീരമായ നടപടിയായിരുന്നുവെന്നാണ് ഇന്നും നിരീക്ഷകർ വിലയിരുത്തുന്നത്.
ഈജിപ്തിൽ ഇസ്‌റാഈൽ നടത്തിയ അധിനിവേശത്തെ പിന്തുണച്ചതിനാലായിരുന്നു 1973 ൽ അമേരിക്കയും നെതർലാൻ്റും അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തൽ ചെയ്യുന്നതിനുള്ള തീരുമാനമെടുക്കാൻ ഫൈസൽ രാജാവിനെ പ്രേരിപ്പിച്ചത്. പ്രഖ്യാപനത്തോടെ സഊദിയിൽ നിന്നുള്ള എണ്ണ വരവ് നിലച്ചതോടെ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി ഏറെ പരിതാപകരമായ നിലയിലേക്ക് മാറിയിരുന്നു.
ഫൈസൽ രാജാവിൻ്റെ ധീരമായ നിലപാടിനു പിറകെ അമേരിക്ക ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇന്ധന ക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുകയും ഇത് ഏറെ പ്രതിസന്ധി തീർത്തതോടെ അധിനിവേശ ഭൂമിയിൽ നിന്ന് ഇസ്‌റാഈൽ പിന്മാറുകയും പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്‌റാഈലിനെ പിന്തുണക്കുന്ന നിലപാടിൽ അയവ് വരുത്തുകയും ചെയ്തിരുന്നു. ഫൈസൽ രാജാവ് എണ്ണ നൽകുന്നത് നിർത്തലാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തുന്നതും ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങളിൽ എണ്ണ ക്ഷാമം അനുഭവപ്പെട്ടതും പിന്നീട് ഈജിപ്തിൽ എത്തിയ ഫൈസൽ രാജാവിനെ ഈജിപ്ത് ജനത സ്വീകരിച്ചതും കഴിഞ്ഞ ദിവസം 48 ആം വാർഷിക വേളയിൽ കിംഗ് അബ്ദുൽ അസീസ് ദാറ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചു.
ഈജിപ്തിലെത്തിയ ഫൈസൽ രാജാവിനെ അന്തരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയിരുന്നത്. സ്വീകരണ ചടങ്ങുകളും അമേരിക്ക ഉൾപ്പെടെ പാശ്ചാത്യൻ നാടുകളിൽ ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ വാഹനങ്ങൾ മൃഗങ്ങൾ കെട്ടി വലിക്കുന്ന ദൃശ്യവും ഉൾപ്പെടെയുള്ള വീഡിയോ ആണ് പ്രസിദ്ധീകരിച്ചത്.
വീഡിയോ കാണാം




