സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക്, പെട്രോൾ പമ്പുകളും വരുന്നു

0
2495

റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ ചില്ലറ വിൽപ്പന രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി അരാംകോയുടെ പെട്രോൾ പമ്പുകൾ പ്രവർത്തനം തുടങ്ങാനായുള്ള ഒരുക്കത്തിലാണ് കമ്പനി. കമ്പനിക്കു കീഴിലെ ആദ്യ പെട്രോള്‍ ബങ്ക് വൈകാതെ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ധന ചില്ലറ വില്‍പന സേവനം നല്‍കുന്നതിന് റീട്ടെയില്‍കൊ എന്ന പേരില്‍ കമ്പനി സ്ഥാപിച്ചതായി സഊദി അറാംകൊ നേരത്തെ അറിയിച്ചിരുന്നു.

അരാംകോയുടെ ആദ്യത്തെ പമ്പ് റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൻ്റെ അതിർത്തിക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. വാഹന, വിമാന ഇന്ധന വില്‍പന സേവനങ്ങള്‍ റീട്ടെയില്‍കൊ നല്‍കും. കിംഗ് ഖാലിദ് എയർപോർട്ടിലെ മാരിയോട്ട് ഹോട്ടലിൻ്റെ മുൻ വശത്തായിരിക്കും പെട്രോൾ പമ്പ് പ്രവർത്തിപ്പിക്കുക.

ഏറ്റവും അത്യാധുനികവും സെൽഫ് സർവീസ് സേവനങ്ങളുമെല്ലാം ലഭ്യമായതായിരിക്കും അരാംകോയുടെ സ്റ്റേഷനുകൾ. സൂപർ മാർക്കറ്റ്, കോഫീ ഷോപ്പ്, ഓയിൽ ചെയ്ഞ്ച് അടക്കമുള്ള സർവീസുകളും ലഭ്യമാകും.

അമേരിക്കയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും പ്രാദേശിക കമ്പനികളുമായി സ്ഥാപിച്ച പങ്കാളിത്തങ്ങളിലൂടെ സഊദി അറാംകൊ ദശകങ്ങളായി ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള തലത്തില്‍ സൗദി അറാംകൊ പങ്കാളിത്തത്തില്‍ 11,000 ലേറെ പെട്രോള്‍ ബങ്കുകളുണ്ട്.