‘ജലം നൽകിയില്ലെങ്കിൽ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും’: ഭീഷണിയുമായി മുൻ പാക്ക് മന്ത്രി

0
91

കറാച്ചി: സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിക്കു പിന്നാലേ, ഇന്ത്യയ്ക്കെതിരെ ഭീഷണി ആവർത്തിച്ച് പാക്കിസ്ഥാന്റെ മുൻ  വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമർശിച്ചത്.

ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് ഭൂട്ടോ പറഞ്ഞു. നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികള്‍ പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

പാക്കിസ്ഥാനല്ല സംഘർഷം ആരംഭിച്ചതെന്ന്  ഭൂട്ടോ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ഭൂട്ടോ പറഞ്ഞു.

സമൂഹമാധ്യമങ്ങൾ
പാക്കിസ്ഥാൻ സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. പാക്കിസ്ഥാൻ ആണവരാഷ്ട്രമാണെന്നും തങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത്തരമൊരു രാജ്യത്തിന്റെ കയ്യിൽ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനിൽ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.