വടകര: സഹോദരനും അയൽവാസിയും തമ്മിലുള്ള അതിർത്തിത്തർക്കം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ നെഞ്ചിൽ ചവിട്ടുകയും ചെവി അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ നിയമപ്പോരാട്ടം തുടരുന്നു.
2011 ലെ മർദനത്തിൽ അന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മണിയൂർ മുടപ്പിലാവിൽ സ്വദേശി രഞ്ജിത്ത് കോണിച്ചേരിയാണു പരാതിക്കാരൻ. ഗവ. ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ഗുരുതര പരുക്ക് കണ്ടെത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തെങ്കിലും മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
കേസ് തുടരുന്നതിനിടെ എസ്ഐ പി.എം.മനോജിന് ഡിവൈഎസ്പിയായി പ്രമോഷൻ നൽകി. ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ നേരിടുന്നവർക്കും പ്രമോഷൻ പാടില്ലെന്നു കോടതിവിധി ഉള്ളപ്പോഴാണിത്. എസ്ഐയും എഎസ്ഐയും ചേർന്നാണ് സ്റ്റേഷൻ വരാന്തയിലും ലോക്കപ്പിലും മർദിച്ചത്. നെഞ്ചിൽ ബൂട്ടുകൊണ്ടു ചവിട്ടേറ്റതിനാൽ 3 വർഷം ചികിത്സ നടത്തേണ്ടിവന്നു. ചെവിക്ക് അടിയേറ്റതിനാൽ കേൾവിക്കുറവ് ബാധിച്ചു.
കേസും ചികിത്സയുമായി നടക്കുന്നതിനാൽ പാർട്ടിയിൽ മെംബർ മാത്രമായി തുടരുകയാണ്. എസ്ഐ മർദിച്ചെന്നു വ്യക്തമായതിനാൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജോലി തടസ്സപ്പെടുത്തിയെന്നു കാട്ടി പൊലീസ് നൽകിയ കേസ് മജിസ്ട്രേട്ട് കോടതിയും കോഴിക്കോട് സെഷൻസ് കോടതിയും തള്ളി. എസ്ഐ മനോജിന് ഒരു മാസവും 7 ദിവസവും തടവ് മജിസ്ട്രേട്ട് കോടതി വിധിച്ചു. എഎസ്ഐയെ കുറ്റവിമുക്തനാക്കി.
എസ്ഐ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശിക്ഷ ശരിവച്ചു. ശിക്ഷ നടപ്പാക്കാതിരിക്കാൻ ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിരിക്കുകയാണ്. ശിക്ഷ നടപ്പാക്കണമെന്നും പ്രമോഷൻ നൽകരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. പ്രമോഷൻ റദ്ദാക്കണമെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.