പത്തനംതിട്ട: ചേട്ടാ എന്ന് വിളിക്കാത്തതിന് പ്ലസ്വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ഹോസ്റ്റൽ ശൗചാലയത്തിൽ വെച്ച് മർദിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ, കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർഥി പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിൽ. മോണയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ വ്യാഴാഴ്ചരാത്രി എട്ടിനാണ് സംഭവം. മൂക്കിന് പരിക്കേറ്റെന്ന വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവെച്ചെന്നും വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും പിതാവ് ആരോപിച്ചു.
ഹോസ്റ്റൽ വാർഡനെതിരേയും മകനെ മർദിച്ച വിദ്യാർഥികൾക്കെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർഥി ബ്രോ എന്നാണ് വിളിച്ചത്. ഇതിൽ പ്രകോപിതരായ രണ്ട് പ്ലസ്ടു വിദ്യാർഥികളാണ് മൂക്കിനിടിച്ചത്.
വ്യാഴാഴ്ച സംഭവം നടന്നെങ്കിലും പുറത്തറിഞ്ഞില്ല. വെള്ളിയാഴ്ച ട്യൂഷനുപോയ വിദ്യാർഥി സുഹൃത്തിന്റെ മൊബൈൽ ഫോണിൽനിന്ന് വിദേശത്തുള്ള പിതാവിനെ വിളിച്ച് കാര്യം അറിയിച്ചു. തുടർന്ന്, ഹോസ്റ്റലിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ നിഷേധിച്ചുവെന്ന് പിതാവ് പറഞ്ഞു.
നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകാൻ ഹോസ്റ്റൽ അധികൃതർ നിർബന്ധിതരായി. മൂക്കിൽ പന്തുകൊണ്ടെന്ന് ഡോക്ടറോട് പറയണമെന്ന് ഹോസ്റ്റലിന്റെ ചുമതലക്കാരിലൊരാൾ ആവശ്യപ്പെട്ടു. വിദ്യാർഥി ഡോക്ടറോട് അപ്രകാരം പറഞ്ഞു. പ്രാഥമികപരിശോധനയിൽ കുഴപ്പമൊന്നും കാണാത്തതിനാൽ വിട്ടയച്ചു.
എന്നാൽ മൂക്കിന് ഇടികൊണ്ടതിനാൽ മകന് എക്സ്റേ എടുക്കണമെന്ന് പിതാവ് പിന്നീട് ആവശ്യപ്പെട്ടു. ഞായറാഴ്ച പിതാവിന്റെ സഹോദരിയും കുടുംബാംഗങ്ങളും ഹോസ്റ്റലിൽ എത്തി. വിദ്യാർഥിയെ മണർകാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ എടുത്തപ്പോഴാണ് മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും ചതവുണ്ടെന്നും വ്യക്തമായത്. തുടർന്ന്, വിദ്യാർഥിയെ ഹോസ്റ്റലിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന കുടുംബാംഗങ്ങൾ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മണർകാട്ടെ ആശുപത്രയിൽനിന്നുള്ള വിവരത്തെത്തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് ചൊവ്വാഴ്ച എത്തി വിദ്യാർഥിയുടെ മൊഴിയെടുത്തു. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. ബോർഡിന്റെ തീരുമാനം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.





