ന്യൂഡൽഹി: തേയ്മാനം വന്ന ടയറുകളുമായി സർവീസ് നടത്തുന്ന വിമാനം, റൺവേയിലെ മാഞ്ഞുപോയ അടയാളങ്ങൾ, ഉപയോഗശൂന്യമായ ബാഗേജ് ട്രോളികൾ, സീറ്റുകൾക്കടിയിൽ കൃത്യമായി ഘടിപ്പിക്കാത്ത ലൈഫ് ജാക്കറ്റുകൾ! എയർ ഇന്ത്യ വിമാനാപകടം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ്.
ഡൽഹി, മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ വിമാനത്താവളങ്ങളുടെയോ വിമാനക്കമ്പനികളുടെയോ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ഡിജിസിഎയുടെ വാർത്താക്കുറിപ്പിലുണ്ട്.
ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള 2 സംഘങ്ങളാണ് ഓഡിറ്റ് നടത്തിയത്. ഒരു ആഭ്യന്തര വിമാന സർവീസിന്റെ ടയറുകൾക്കാണ് കാര്യമായ തേയ്മാനം കണ്ടെത്തിയത്. ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് വിമാനം പുറപ്പെടാൻ അനുവദിച്ചത്. ഒരു വിമാനത്താവളത്തിൽ റൺവേയിലെ സെന്റർ ലൈൻ അടയാളങ്ങൾ മാഞ്ഞുപോയ നിലയിലായിരുന്നു. ടാക്സിവേയിലെ ലൈറ്റുകൾ ക്രമീകരിക്കുന്നതിലും അപാകത കണ്ടെത്തി. റാംപ് ഏരിയയിൽ വേഗനിയന്ത്രണ സംവിധാനമില്ലാത്ത വാഹനങ്ങൾ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവ പിൻവലിച്ചു. ചിലയിടത്ത് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
മറ്റു കണ്ടെത്തലുകൾ: വിമാനത്താവളത്തിനു സമീപം ഒട്ടേറെ പുതിയ നിർമാണങ്ങൾ നടന്നിട്ടും സർവേ നടത്തിയിട്ടില്ല, വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തകരാറുകൾ പലതവണ ആവർത്തിക്കുന്നു, ബാഗേജ് ട്രോളി അടക്കം പല ഗ്രൗണ്ട് ഹാൻഡ്‍ലിങ് ഉപകരണങ്ങളും ഉപയോഗശൂന്യം, തകരാറുകൾ ടെക്നിക്കൽ ലോഗ്ബുക്കിൽ രേഖപ്പെടുത്തുന്നതിലും വീഴ്ച വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ വ്യോമയാന മേഖലയിലെ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ സമഗ്രമായി വിലയിരുത്താനായി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) സ്പെഷൽ ഓഡിറ്റ് പ്രഖ്യാപിച്ചിരുന്നു. വ്യോമയാന സുരക്ഷയിൽ ഇന്ത്യയുടെ പ്രതിഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഇതിനിടെ, എയർ ഇന്ത്യയിൽ ഇന്നലെ ഡിജിസിഎ തുടങ്ങാനിരുന്ന വാർഷിക ഓഡിറ്റ് മാറ്റിവച്ചു.





