തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്.
പ്രതിപക്ഷനേതാവ് വി ഡി സതീശനും ഭാര്യയും മകളും പറവൂരിലെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര് ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.പാണക്കാട് സാദിഖ് അലി, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി കെ കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണവും ഇന്നലെ നടന്നു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്.
സംസ്ഥാനത്താകെ 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ 24 അനുബന്ധ പോളിങ് സ്റ്റേഷനുകള്‍ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകള്‍ പൂര്‍ണ്ണമായും വനിതകളും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാരും നിയന്ത്രിക്കും. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിങ് സമയം. ഹോം വോട്ടിങ് 98 ശതമാനവും എമര്‍ജന്‍സി സര്‍വീസ് വോട്ടിങ് 95 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച വൈകുന്നേരം ആറ് മണി വരെ മദ്യവില്പന നിരോധിച്ചു. എക്സിറ്റ് പോളുകള്‍ക്ക് ഏപ്രില്‍ 29 വൈകുന്നേരം വരെ വിലക്കുണ്ട്.
ഇത്തവണ വോട്ടര്‍മാര്‍ക്കായി 30 പുതിയ സംരംഭങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അവതരിപ്പിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൊന്നാണ്. കടുത്ത ചൂട് പരിഗണിച്ചു വെള്ളം, ഫാന്‍ സൗകര്യങ്ങളും എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്





