വെടി നിർത്തലിന് ഇറാനും ഇസ്രായേലും സമ്മതിച്ചതായി ട്രംപ്

0
283

വാഷിങ്ടൺ: ഇറാനും ഇസ്റാഈലും തമ്മിൽ വെടി നിർത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത ഏതാനും മണിക്കൂറുകളിൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി. സമ്പുർണ്ണമായ വെടി നിർത്തലിനാണ് ഇരു രാജ്യങ്ങളും സമ്മതിച്ചതെന്ന് ട്രംപ് വ്യക്തമാക്കുന്നു.

എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്റാഈലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും പറയുന്നു.

ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്റാഈലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.

”വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവന്‍ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ”, ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്റാഈലോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.