സതീശന് വഴങ്ങാൻ അൻവർ, ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറെന്ന് പ്രഖ്യാപനം; ഇനി പോരാട്ടം ‘മരുമോനിസ’ത്തിനെതിരേ

0
228

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്‍കി പി.വി. അന്‍വര്‍. നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സിരിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിച്ചു. വോട്ടെണ്ണി തീര്‍ന്നതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലന്നെും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശനെതിരേ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു. എന്നാല്‍, അത് തന്നെ അപമാനിക്കുന്നതിന് സമാനമായിരുന്നെന്ന് പറയാന്‍ വിമുഖതകാട്ടിയില്ല.

നേരത്തെ, തന്നെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ബേപ്പൂര്‍ സീറ്റ് വെച്ചുനീട്ടിയിരുന്നെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം മലമ്പുഴ വാഗ്ദാനംചെയ്‌തെന്നും പിന്നീട് അത് ബേപ്പൂരായെന്നുമായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. തന്റെ സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് എല്‍ഡിഎഫില്‍നിന്ന് പുറത്തുവന്നത്. അതിനാല്‍, തനിക്ക് വീണ്ടും നിയമസഭയില്‍ എത്താന്‍ ഒരു സിറ്റിങ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഒട്ടും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ വാഗ്ദാനംചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ സതീശനെതിരെ രംഗത്തെത്തിയത്. തുടര്‍ന്നാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയിയില്ലെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍.

ഇരുമുന്നണികളേയും ഞെട്ടിച്ച് 19760 വോട്ടുകളാണ് പി.വി. അന്‍വര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. സ്വരാജിന് പോകുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധവോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പോകുമായിരുന്ന ഭരണവിരുദ്ധവോട്ടുകളും ഒരുപോലെ പി.വി. അന്‍വര്‍ പിടിച്ചുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം യുഡിഎഫ് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തോടെ, തന്റെ നിര്‍ദേശവും പിന്തുണയും സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നുവെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ അന്‍വറിന് സാധിക്കും.