റിയാദ്: ടാക്‌സി വാഹനത്തിൽ നിന്ന് ലഭിച്ച വിലപിടിപ്പുള്ള വസ്‌തുക്കളുമായി ലഭിച്ച ബാഗ് ഉടമയെ കണ്ടെത്തി തിരിച്ച് നൽകിയ മലയാളി ഡ്രൈവറുടെ സത്യ സന്ധത. റിയാദിൽ സ്വകാര്യ വാഹനത്തിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഷൗക്കത്താണ് ബാഗ് ഉടമക്ക് തന്നെ നൽകി മാതൃകയായത്. ഷൗക്കത്തിന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
റിയാദിലെ ലുലു മുറബ്ബയിൽ നിന്നും ശുമേസിയിലേക്കുള്ള യാത്രാ മധ്യയാണ് സനൽ തന്റെ ബാഗ് ടാക്‌സി വാഹനത്തിൽ മറന്നു വെച്ചത്. വിലപ്പെട്ട സാധനങ്ങൾ ഉൾപ്പെട്ട ബാഗ് നഷ്‌ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോഴാണ് ഓർമവന്നത്. ടാക്‌സി ഡ്രൈവറുമായി പരിചയം പോലുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു സനൽ. ഇതിനിടെ പരിശ്രമമെന്നോണം വാട്സ്ആപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം പലരുമായും പങ്ക് വെക്കുകയും ചെയ്‌തു.
അതേസമയം, മലപ്പുറം സ്വദേശിയായ ടാക്‌സി ഡ്രൈവറായ ഷൗക്കത്ത് തൻ്റെ വാഹനത്തിൽ നിന്ന് ലഭിച്ച ബാഗിന്റെ ഉടമയെ എങ്ങനെ കണ്ടെത്തുമെന്നുള്ള ആലോചനയിൽ ആയിരുന്നു. ബാഗിന്റെ ഉടമക്ക് തിരികെ നൽകാനായി ടാക്‌സിയിൽ കാത്തിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഉടമ ബാഗ് തിരയുന്ന വിവരം ഷൗക്കത് മനസിലാക്കി. തൊട്ടുപിന്നാലെ സനൽ എത്തുകയും ബാഗ് കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. മലയാളിയുടെ സത്യസന്ധതയ്ക്ക് പുറമെ സോഷ്യൽ മീഡിയ കൊണ്ട് ലഭിക്കുന്ന ഏറ്റവും വലിയ ഉപകാരങ്ങളിൽ ഒന്നായിരുന്നു ഇവിടെ തെളിയിക്കപ്പെട്ടത്. ഷൗക്കത്തിന്റെ സത്യസന്ധതയെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി. പൂർണ്ണ സഹകരണവുമായി ലുലു മാനേജ്‌മെന്റും രംഗത്തുണ്ടായിരുന്നു.




