ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനർ 787–8 വിമാനങ്ങൾ താൽക്കാലികമായി പറക്കൽ അവസാനിപ്പിക്കും. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യ–യുഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യയും ആരംഭിച്ചു.
എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന് 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കൽ കോളജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി 5 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉൾപ്പെടെ 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം 12 ജീവനക്കാരും മരിച്ചു.





