ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ വിമാനത്താവള അതോറിറ്റിയാണ് സർക്കുലർ പുറത്ത് വിട്ടത്
റിയാദ്: ഇസ്റാഈൽ ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ വിമാന ഗതാഗത തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രക്കാരും അവരവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് രാജ്യത്തെ എല്ലാം പ്രമുഖ വിമാനത്താവളങ്ങളും നിർദേശിച്ചു.
വിമാനങ്ങൾ നേരത്തെ ഷെഡ്യുൾ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി അപ്രതീക്ഷിത റദ്ദാക്കലുകളോ കാലതാമസങ്ങളോ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അത് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ നിലയും അടിയന്തര മാറ്റങ്ങളും പരിശോധിക്കണമെന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഇറാനെതിരായ ഇസ്റാഈൽ വ്യോമാക്രമണത്തെത്തുടർന്ന് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയ്ക്കും തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ ഫലമായി നിരവധി രാജ്യങ്ങളിൽ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനും പിന്നാലെയാണ് രാജ്യത്തെ പ്രമുഖ മൂന്ന് വിമാനത്താവളങ്ങളും മുന്നറിയുപ്പുമായി രംഗത്തെത്തിയത്.
അതേസമയം, സംഘര്‍ഷ സാധ്യത വര്‍ധിച്ചത് കണക്കിലെടുത്ത് ജോര്‍ദാന്‍ തങ്ങളുടെ വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. ഇറാന്‍, ഇസ്റാഈൽ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമമേഖലകള്‍ വിമാന കമ്പനികള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.
ഇസ്റാഈൽ, ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെബനോന്‍ കടുത്ത ജാഗ്രതയിലാണ്. ബെയ്‌റൂത്ത് റഫീഖ് അല്‍ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടക്കാന്‍ നീക്കമുള്ളതായി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സിവില്‍ ഏവിയേഷന്‍ മേധാവി അമീന്‍ ജാബിര്‍ ഇത് നിഷേധിച്ചു. ലെബനീസ് വിമാന കമ്പനിയായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് ബെയ്‌റൂത്ത് എയര്‍പോര്‍ട്ടിലേക്കും തിരിച്ചും സാധാരണ നിലയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അമീന്‍ ജാബിര്‍ പറഞ്ഞു. ഈജിപ്ത് എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വെയ്‌സ്, ഫ്‌ളൈ ദുബായ് അടക്കമുള്ള വിദേശ വിമാന കമ്പനികള്‍ ലെബനോനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.