ഫ്രീ വിസക്കാർക്ക് പൂട്ട് വീഴും, സ്പോൺസർക്കും തൊഴിലാളിക്കും കടുത്ത പിഴയും ജയിൽ ശിക്ഷയും

0
7943

റിയാദ്: സഊദിയിൽ ഫ്രീ വിസക്കാർക്ക് പൂട്ടിടാൻ ശക്തമായ നടപടികളുമായി പാസ്പോർട്ട് വിഭാഗം. ഇത്തരത്തിൽ പുറത്ത് ജോലിയെടുക്കുന്നവർക്കും നൽകുന്നവർക്കും സ്പോൺസർക്കും കടുത്ത പിഴയും ജയിൽ ശിക്ഷയും വിദേശികളെ നാട് കടത്തലുമടക്കം ശക്തമായ ശിക്ഷ നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി പാസ്പോർട്ട് വിഭാഗം രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇത്തരത്തിൽ തൊഴിലെടുക്കുന്ന വിദേശികൾക്കുള്ള നടപടികൾ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ സ്പോൺസർക്കും തൊഴിൽ നൽകുന്നവർക്കും നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാസ്പോർട്ട് വിഭാഗം രംഗത്തെത്തി.

സ്വന്തം തൊഴിൽ ചെയ്യാനായോ ഒരു തുകയ്ക്ക് പകരമായോ തന്റെ പ്രവാസി തൊഴിലാളിയെ മറ്റു ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സഊദി തൊഴിലുടമയ്ക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) തിങ്കളാഴ്ച വ്യക്തമാക്കിയത്. ആദ്യ തവണ ഒരു മാസത്തെ തടവും അയ്യായിരം റിയാൽ പിഴയും വിധിക്കും. ആവർത്തിച്ചാൽ രണ്ട് മാസത്തെ തടവും 20,000 റിയാൽ പിഴയും മൂന്നാം തവണ മൂന്ന് മാസം തടവും 50,000 പിഴയുമായിരിക്കും ഈടാക്കുക.

തൊഴിൽ നിയമത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് സ്വന്തം വ്യക്തിപരമായ നേട്ടത്തിനായി തൊഴിലുടമ ജോലിയിൽ ഏർപ്പെടാൻ അനുവദിച്ച തൊഴിലാളികളുടെ എണ്ണതിനനുസരിച്ച് പിഴ വർദ്ധിപ്പിക്കുമെന്നും ജവാസാത്ത് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ഒരു വർഷത്തിൽ കുറയാത്ത കാലയളവിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമയ്ക്ക് നിരോധനം ഉണ്ടാകും. രണ്ടാം തവണയും മൂന്നാം തവണയും ലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ വിലക്ക് രണ്ട് വർഷവും മൂന്ന് വർഷവുമായി ഉയർത്തും.

ഒരു പ്രവാസി മറ്റൊരു പ്രവാസിയെ ജോലിക്കെടുക്കുകയാണെങ്കിൽ, പ്രവാസി തൊഴിലുടമയ്ക്ക് 5,000 റിയാൽ പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കുമെന്നും ശേഷം അയാളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ) റദ്ദാക്കുകയും രാജ്യത്തുനിന്ന് നാട് കടത്തുകയും ചെയ്യും.

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന് പാസ്പോർട്ട് വിഭാഗം രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തടവ് ശിക്ഷ കഴിയുന്നതോടെ സഊദിയിലേക്ക് തിരിച്ചു മടങ്ങാൻ സാധിക്കാത്ത രൂപത്തിൽ നാട് കടത്തുകയും ചെയ്യുമെന്നും ജവാസാത്ത് പുറത്ത് വിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ യഥാർത്ഥ തൊഴിലുടമയുടെ കീഴിൽ അല്ലാതെ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്ന അല്ലെങ്കിൽ സ്വന്തം വ്യക്തിപരമായ നേട്ടത്തിനായി ജോലി പ്രവാസിയെ തന്റെ രാജ്യത്തേക്ക് നാടുകടത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം ഉണർത്തി വിവിധ ഭാഷകളിൽ ജവാസാത് മുന്നറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് പാസ്പോർട്ട് വിഭാഗത്തിന് വിവരം നൽകണമെന്നും ജവാസാത് ഓർമ്മിപ്പിച്ചു. മക്ക, റിയാദ് മേഖലകളിൽ നിന്ന് 911 എന്ന നമ്പറിലും ബാക്കിയുള്ള മേഖലകളിൽ 999 എന്ന നമ്പറിലുമാണ് അധികൃതരെ വിവരം അറിയിക്കേണ്ടത്. അതിനിടെ രാജവ്യാപകമായി ശക്തമായ പരിശോധന തുടരുകയാണ്. ആഴ്ച്ചതോറും പതിനയ്യായിരത്തോളം അനധികൃത താമസക്കാരെയാണ് പിടികൂടുന്നത്. ഇഖാമയിൽ ഉള്ള തൊഴിൽ അല്ലാതെ ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.

ഇത് കൂടി വായിക്കുക👇

സ്പോൺസർക്ക് കീഴിൽ അല്ലാതെയുള്ള പ്രവാസികൾ സൂക്ഷിച്ചോളൂ, 50,000 റിയാൽ പിഴയും 6 മാസം തടവും; മുന്നറിയിപ്പുമായി ജവാസാത്

പ്രവാസിയെ സ്വന്തമായി ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമയ്ക്ക് തടവും പിഴയും