വാട്സ്ആപ്പും ഫേസ്ബുക്കും മുടങ്ങിയത് ഏഴു മണിക്കൂർ, സക്കര്‍ബര്‍ഗിന് നഷ്ടം 52,000 കോടി

സക്കർ ബർഗിന്റെ ഏറ്റവും മോശം ആഴ്ചയും ദിനവുമായിരിക്കും ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ

0
3372

വാഷിങ്ടന്‍: ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂര്‍ നിശ്ചയമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 52,000 കോടിയോളം രൂപ (ഏഴു ബില്യണ്‍ യു.എസ് ഡോളര്‍). ലോകമാകെ സേവനം മുടങ്ങിയതാണ് ഇത്ര വലിയ നഷ്ടമുണ്ടാക്കിയതെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു ഫേസ്ബുക്ക്, സഹ കമ്പനികളായ ഇന്‍സ്റ്റഗ്രാം, വാട്‌സആപ് എന്നിവ തടസ്സപ്പെട്ടത്.

10 മണിയോടെ മൂന്നു സ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തുകയും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെയാണ് ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനമായി ഇടിഞ്ഞത്. ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കര്‍ബര്‍ഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവില്‍ ലോക സമ്പന്നരില്‍ അഞ്ചാമതാണ് സക്കര്‍ബര്‍ഗുള്ളത്.

ഏഴ് മണിക്കൂറിന് ശേഷമാണ് തകരാര്‍ ഭാഗികമായെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞത്. മെസഞ്ചറില്‍ ഇപ്പോഴും ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് പരിഹരിക്കപ്പെട്ടില്ല. തകരാര്‍ പരിഹരിച്ചെന്നും ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡി.എന്‍.എസ്) തകരാറാണു കാരണമെന്നാണ് വിലയിരുത്തല്‍.

‘പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം എനിക്ക് അറിയാം. തടസ്സ നേരിട്ടതില്‍ ഖേദിക്കുന്നു.’, സക്കര്‍ബര്‍ഗ് പറഞ്ഞു. ഏറെനേരം വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്സ്ആപ്പും ട്വീറ്റ് ചെയ്തിരുന്നു. ഉപയോക്താക്കള്‍ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

ഇത് കൂടി വായിക്കുക 👇

വാട്സ്ആപ്പും ഫേസ്ബുക്കും പണിമുടക്കി