ജിദ്ദ: അവയവദാന മേഖലയിൽ സൗദിയിൽ വൻ വളർച്ച. കഴിഞ്ഞ വര്‍ഷം 1706 പേരാണ് അവയവങ്ങൾ ദാനം ചെയ്തത്. ജീവിച്ചിരിക്കുന്ന 1,706 പേരുടെ അവയവങ്ങള്‍ രോഗികളില്‍ മാറ്റിവച്ചതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് അറിയിച്ചു. 2023 നെ അപേക്ഷിച്ച് 4.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.
1,284 വൃക്ക മാറ്റിവയ്ക്കല്‍, 422 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിങ്ങനെയാണ് നടത്തിയത്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. 5,40,346 പേരാണ് നിലവിൽ തവക്കൽനാ ആപ് വഴി മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മരിച്ച ദാതാക്കളില്‍ നിന്ന് 393 അവയവങ്ങള്‍ മാറ്റിവച്ചു. 2023 നെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണിത്. അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി 152 എയര്‍ ആംബുലന്‍സ് സര്‍വീസുകളും ഉപയോഗിച്ചു.





