റിയാദ്: രാജ്യത്തെ വ്യോമഗതാഗത മേഖലയിലെ സ്വദേശിവത്കരണം ത്വരിതപ്പെടുത്താൻ തീരുമാനം. സിവിൽ ഏവിയേഷൻ അതോറിറ്റി, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) മേധാവികൾ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. റിയാദിലെ സിവിൽ ഏവിയേഷൻ ആസ്ഥാനത്ത് വെച്ചാണ് ജനറൽ അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദഈലജും ഹദഫ് മേധാവി തുർക്കി ബിൻ അബ്ദുല്ല അൽജവൈനിയും കൂടിക്കാഴ്ച നടത്തിയത്. വ്യോമമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിൽ 10,000 തൊഴിലുകൾ സ്വദേശിവത്കരിക്കാനാണ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്.
വ്യോമയാന മേഖലയിൽ പ്രാദേശികമായി പ്രാപ്തരായ യുവാക്കൾക്ക് ജോലി നൽകുന്നതിന് മാനവ വിഭവ ശേഷി മന്ത്രാലയം നൽകുന്ന സേവനങ്ങൾ സംബന്ധിച്ചും ഇരുവരും വിലയിരുത്തി. പദ്ധതി നടപ്പാക്കാനുള്ള വഴികൾ, സ്വദേശികൾക്ക് ഹദഫിൻറ നേതൃത്വത്തിൽ പരിശീലനം ഒരുക്കൽ തുടങ്ങിയ അജണ്ടകൾ ചർച്ച ചെയ്തതായി ഹദഫ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
പൊതു സ്വകാര്യ എയർ ട്രാൻസ്‌പോർട്ട് മേഖലയിലെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ മാനവ വിഭവശേഷി മന്ത്രാലയം 2021 ജനുവരി മുതൽ പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വ്യോമഗതാഗത മേഖലയിലെ നേതൃത്വ, സാേങ്കതിക, ഭരണ ജോലികൾ സ്വദേശിവത്കരിക്കുക, യുവാക്കളെ ശാക്തീകരിക്കുക, വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം നൽകുക എന്നിവയാണ് സംരംഭത്തിൻറ ലക്ഷ്യം. 2021 മുതൽ 2023 വരെയുള്ള മൂന്നു വർഷത്തേക്ക് വികസിപ്പിച്ച പ്ലാൻ അനുസരിച്ച് 28 സ്പെഷലൈസ്ഡ് തൊഴിലുകളുടെ സ്വദേശിവത്കരണം സംരംഭത്തിൽ ഉൾപ്പെടും.




