സന്ദർശന വിസയിൽ ഭാര്യക്കൊപ്പം സഊദിയിലെത്തിയ മുൻ പ്രവാസി പണം കവർന്ന കേസിൽ എയർപോർട്ടിൽ പിടിയിൽ; വിനയായത് പഴയ സ്പോൺസറുടെ മകൻ നൽകിയ വ്യാജ കേസ്

0
1695

ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്പോൺസർ നൽകിയ ക്ലിയറൻസ് രേഖ കൈയിലുണ്ടായിരുന്നത് ലിയാഖത്തലിക്ക് തുണയായി

റിയാദ്: സന്ദർശന വിസയിൽ ഭാര്യക്കൊപ്പം സഊദിയിലെത്തിയ മുൻ പ്രവാസി പണം കവർന്ന കേസിൽ എയർപോർട്ടിൽ പിടിയിലായി. പഴയ സ്പോൺസറുടെ മകൻ നൽകിയ വ്യാജ കേസ് ആണ് ഇദ്ദേഹത്തെ ജയിലിലെത്തിച്ചത്.  സാമ്പത്തിക ഇടപാട് കേസിൽ പിടിക്കപ്പെട്ട് അഞ്ചു മാസം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ ദിവസം നിയമ പോരാട്ടങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിക്കാണ് ഈ ദുരനുഭവം. 

5.1 കോടി റിയാൽ (116 കോടി രൂപ) കവർന്നെന്ന് ആരോപിച്ച് സ്പോൺസറുടെ മകൻ നൽകിയ പരാതിയാണ് ഹൈദരാബാദ് സ്വദേശി ലിയാഖത്തലിയെ കുടുക്കിയത്. നീണ്ട 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം ലിയാഖത്തലി ഉംറ നിർവഹിക്കാനായി അഞ്ചു മാസം മുൻപ് സന്ദർശന വിസയിൽ ഭാര്യയോടൊപ്പം തിരിച്ചുവന്നപ്പോഴാണ് പഴയ കേസിൽപേരിൽ റിയാദ് എയർപോർട്ടിൽ പിടിയിലായത്. റിയാദിൽ ജോലി ചെയ്യുന്ന മരുമകന്‍റെയടുത്തേക്കാണ് അഞ്ച് മാസം മുമ്പ് ഭാര്യാസമേതം സന്ദർശന വിസയിലെത്തിയത്. റിയാദ് വിമാനത്താവളത്തിൽ ഇറങ്ങി ഇമിഗ്രേഷൻ നടപടിക്കിടയിൽ അധികൃതർ പിടികൂടുകയായിരുന്നു.

നാല് പതിറ്റാണ്ടിലധികം റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ആദ്യം അറസ്റ്റ് ചെയ്തതിന്റെ കാരണം അറിഞ്ഞിരുന്നില്ല. പിന്നീട് കേസിൽ  സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിനെ ഇടപെടാൻ അനുവാദം നൽകിയതോടെയാണ്  പൊലീസ് സ്റ്റേഷനിലും പബ്ലിക് പ്രോസിക്യൂഷനിലും പല തവണ കയറിയിറങ്ങിയതിനൊടുവിൽ കേസ് സംബന്ധമായി വ്യക്തമായി അറിയാൻ സാധിച്ചത്. എന്നാൽ, കേസ് കോടതി വിശദമായി പരിശോധിച്ചതോടെ ഒടുവിൽ 42 വർഷത്തിനുശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്പോൺസർ നൽകിയ ക്ലിയറൻസ് രേഖ കൈയിലുണ്ടായിരുന്നത് ലിയാഖത്തലിക്ക് തുണയായി. ആ രേഖയോടൊപ്പം ട്യുമർ ബാധിതനായ അദ്ദേഹത്തിന്‍റെ മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു.

ഒരു മാസത്തിനുള്ളിൽ കേസിൽ വിധി വരികയും ലിയാഖത്തലി ജയിൽ മോചിതനാവുകയും ചെയ്തുവെങ്കിലും എതിർകക്ഷി അപ്പീൽ നൽകി. എന്നാൽ അപ്പീൽ കോടതി തള്ളുകയായിരുന്നു. ട്യൂമർ ബാധിതനായ ലിയാഖത്തലി ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സയിലൂടെ സുഖംപ്രാപിച്ചശേഷം ഉംറ നിർവഹിക്കാനുള്ള ആഗ്രഹവുമായി സഊദിയിലേക്ക് വന്നതായിരുന്നു. ഇതിനിടെയാണ് ഈ ദുരനുഭവം.

റിയാദിലെ പ്രമുഖ ബിസിനസുകാരന്‍റെ സഹായിയായാണ് 42 വർഷം ജോലി ചെയ്തത്. ഒടുവിൽ ശാരീരിക അവശതകളെ തുടർന്ന് അഞ്ചു വർഷം മുമ്പാണ് ഫൈനൽ എക്സിറ്റിൽ മടങ്ങിയത്. ഇതിനിടെ പഴയ സ്പോൺസർ 10 മാസം മുമ്പ് മരിച്ചു. സ്പോൺസർ ധർമിഷ്ഠനും പൊതുകാര്യ പ്രസക്തനുമായിരുന്നു. പാവപ്പെട്ടവരെ സഹായിച്ചിരുന്ന അദ്ദേഹം ലിയാഖത്തലി വഴി നിരവധി പണമിടപാടുകൾ നടത്തിയിരുന്നു.

തന്‍റെ ജീവനക്കാർക്കും അദ്ദേഹം പലപ്പോഴും സാമ്പത്തിക സഹായം നൽകിയിരുന്നുവത്രേ. പലപ്പോഴും ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ലിയാഖത്തലിയെയായിരുന്നു സ്പോൺസർ ചുമതലപ്പെടുത്തിയിരുന്നത്. പിതാവിന്‍റെ പണം കവർന്നുവെന്ന പേരിൽ ഈ രേഖകളെല്ലാമാണ് സ്പോൺസറുടെ മകൻ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതാണ് സന്ദർശക വിസയിലെത്തിയപ്പോൾ പിടിക്കപ്പെടാനുണ്ടായ കാരണം.

ജയിൽ മോചിതനായ ലിയാഖത് അലി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ലിയാഖത്തലി ജയിലിലായതിനെത്തുടർന്ന് തനിച്ചായ ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വൈകാതെ അവർ മരണപ്പെട്ടു. പക്ഷെ, ജയിൽ മോചിതനായശേഷമാണ് ലിയാഖത്തലി ഇതറിയുന്നത്. പ്രിയതമയുടെ വിയോഗം ഇരട്ടി ആഘാതമായി. ജയിൽ മോചിതനായ ആശ്വാസമുണ്ടായെങ്കിലും ഭാര്യ മരിച്ചതിന്‍റെ ദുഃഖഭാരത്തോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

കേസും അറസ്റ്റും ജയിൽവാസവുമെല്ലാമുണ്ടായതോടെ ഭാര്യക്കൊപ്പം എത്തിയ ലിയാഖത് അലി ഉംറ പോലും നിർവഹിക്കാൻ കഴിയാതെയാണ് ഒടുവിൽ തനിച്ച് മടങ്ങേണ്ടിവന്നത്. കേസിൽ അഭിഭാഷകരായ റനാ അൽ ദഹ്ബാൻ, ഉസാമ അൽഅമ്പർ എന്നിവരാണ് കോടതിയിൽ ഹാജരായത്.