കൊവിഡ് വന്നവർക്ക് ഒരു ഡോസ് എടുത്താൽ തന്നെ ഇമ്മ്യൂൺ കാണിക്കും. എന്നാൽ ഇവർക്ക് നേരിട്ട് നിലവിൽ പ്രവേശനം ഇല്ല
റിയാദ്: വൈറസ് ബാധിച്ചതിനെ തുടർന്ന് ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ആയത് കണക്കാക്കി എത്തിയവരെ സഊദിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചയതായി റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെയാണ് രണ്ട് ഡോസ് സ്വീകരിച്ചില്ലെന്ന കാരണത്താൽ സഊദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചത്. തിരുവന്തപുരത്ത് നിന്നെത്തിയ മൂന്ന് മലയാളികളേയും ബാംഗ്ലുർ, ഡൾഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെത്തിയ 12 പേരെയും ശനിയാഴ്ച തിരിച്ചയച്ചത്.
നേരത്തെ ഇവർക്ക് കൊവിഡ് വന്നതിനാൽ ഇവരുടെ തവൽക്കന സ്റ്റാറ്റസിൽ കൊവിഡ് വാക്സിൻ പൂർത്തീകരിച്ചതായും ഇമ്യൂൺ സ്റ്റാറ്റസും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ തവക്കൽന സ്റ്റാറ്റസിൽ രണ്ട് ഡോസുകളും ഒരേ തിയതിയിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സഊദിയിലെ എമിഗ്രേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതാണ് ഇവരെ തിരിച്ചയക്കാൻ കാരണമായി അധികൃതർ വിശദീകരിച്ചതെന്ന് വാർത്ത പ്രസിദ്ധീകരിച്ച ഒരു മലയാളം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ രണ്ട് ഡോസുകളും നിശ്ചിത കാലാവധി കഴിഞ്ഞുള്ള തിയതികളിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തേണ്ടത്. ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്നും അധികൃതർ യാത്രക്കാരെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം റീ എൻട്രിയിൽ പുറത്തുപോയവർക്ക് മാത്രമേ സഊദിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമുള്ളൂ. എന്നാൽ, ഇവർ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടെന്നതിനെ തുടർന്നാണ് നേരിട്ടത്തിയത്. ഇത് ഉറപ്പിക്കുന്നതിൽ വിമാന കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച വന്നതായാണ് അറിയുന്നത്. മുഖീം പോർട്ടലിലെ രജിസ്ട്രേഷൻ ഉൾപ്പടെ എല്ലാ നടപടികളും പൂർത്തിയാക്കിയതായി സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷമാണ് തങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ബോർഡിങ് പാസ് നൽകിയതെന്ന് തിരിച്ചയക്കപ്പെട്ട മലയാളി പറഞ്ഞു. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ആളുകളും മറ്റു രാജ്യങ്ങൾ വഴി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാണ് സഊദിയിലേക്ക് പ്രവേശിക്കേണ്ടത്.




