റിയാദ്: സഊദിയുടെ കിഴക്കൻ മേഖലയെയും തെക്ക് പടിഞ്ഞാറൻ മേഖലയെയും ലക്ഷ്യമാക്കി യമനിൽ നിന്ന് മിസൈൽ. എന്നാൽ, ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തന്നെ മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചതായി അറബ് സഖ്യ സേന അറിയിച്ചു. ശനിയാഴ്ച സഊദി അറേബ്യയിലേക്ക് ഹൂത്തി മലീഷ്യ വിക്ഷേപിച്ച മൂന്ന് ആയുധ ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചു.
തൊട്ടു പിന്നാലെയാണ് രാജ്യത്തിന്റെ കിഴക്കൻ മേഖലയെയും തെക്കുപടിഞ്ഞാറൻ നഗരമായ നജ്റാനെയും ലക്ഷ്യം വെച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പിന്നീട് സഖ്യം പരാജയപ്പെടുത്തിയത്. ഒട്ടനവധി വ്യവസായങ്ങളും എണ്ണ കിണറുകളും ശുദ്ധീകരണ കേന്ദ്രങ്ങളും വ്യാപകമായുള്ള കിഴക്കൻ മേഖല ലക്ഷ്യമാക്കി നേരത്തെയും ആക്രമണങ്ങൾ നടന്നിരുന്നു.
സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിടാനുള്ള ഹൂതി ശ്രമങ്ങൾ ശത്രുതാപരവും പ്രാകൃതവുമാണെന്നും സിവിലിയൻമാരെ സംരക്ഷിക്കാൻ സഖ്യം കർശന നടപടികൾ കൈക്കൊള്ളുന്നുവെന്നും സഖ്യസേന പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ആയുധ ഡ്രോണുകൾ രാജ്യത്തെ ലക്ഷ്യമാക്കി എത്തിയിരുന്നു. ഏതാനും ദിവസങ്ങളായി തുടർച്ചയായി സഊദി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ആയുധങ്ങൾ അയക്കുകയാണ് കഴിഞ്ഞയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയും ആക്രമണങ്ങൾ നടന്നിരുന്നു.




