സഊദിയിൽ വാക്സിൻ സ്വീകരിക്കാത്തവരെ പ്രവേശിപ്പിച്ചാൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടും

0
2564

റിയാദ്: സഊദിയിൽ നേരത്തെ പ്രഖ്യാപിച്ച കൊവിഡ് മുൻകരുതൽ, പ്രതിരോധ പ്രോട്ടോക്കോളുകളിൽ ആഭ്യന്തര മന്ത്രാലയം മൂന്ന് പുതിയ ലംഘനങ്ങൾ ചേർത്തു. ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ നടപടികളുടെയും പ്രതിരോധ നടപടികളുടെയും (പ്രോട്ടോക്കോളുകൾ) ലംഘനങ്ങൾക്കുള്ള പിഴകൾ തരംതിരിക്കുന്നതിനുള്ള പട്ടികയിൽ മൂന്ന് നിയമ ലംഘനങ്ങൾ കൂടി ചേർത്താണ് ഭേദഗതി വരുത്തിയത്. ഇത് പ്രകാരം വാക്സിൻ സ്വീകരിക്കാത്തവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചാൽ സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുത്തിവയ്പ് എടുക്കാത്തവരെ സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക, 100-ൽ കൂടുതൽ ആളുകൾക്ക് ശേഷിയുള്ള ഷോപ്പുകളുടെയോ മാളുകളുടെയോ സെന്ററുകളുടെയോ ശേഷി നിയന്ത്രിക്കാൻ പെർമിറ്റ് ഉപയോഗിക്കാതിരിക്കുകയും അനുവദനീയമായ വ്യക്തികളുടെ എണ്ണം അനുസരിക്കാതിരിക്കുകയും ചെയ്യുന്നതും നിയമ ലംഘനമായി കണക്കാപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.

ഇത് ലംഘിക്കുന്നതിനുള്ള പിഴയായി സ്ഥാപനം ആറ് മാസം വരെ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കൊവിഡ്-19 വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതിനായി മന്ത്രാലയം വിവരിച്ച പിഴകളുടെ തുടർച്ചയായാണ് പുതിയ നടപടികൾ. ആരോഗ്യ സുരക്ഷാ ആവശ്യകതകൾ, സാമൂഹിക അകലം തുടങ്ങിയവ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപറഞ്ഞു.