സഊദിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത് മുക്കാൽ ലക്ഷത്തോളം കുപ്പി മദ്യം, 8 പേർ പിടിയിൽ

0
2218

ജിദ്ദ: സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മുക്കാൽ ലക്ഷത്തോളം കുപ്പി മദ്യം പിടി കൂടിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിൽ വിവിധ അതിർത്തികളിൽ നിന്നായി 66,312 കുപ്പി മദ്യം പിടികൂടിയതായാണ് അതോറിറ്റി അറിയിച്ചത്. സംഭവങ്ങളിൽ 8 പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. അൽ-ബത്ത്ഹ അതിർത്തിയിൽ ട്രക്കിൽ കടത്തുകയായിരുന്ന ഓറഞ്ച് ജ്യൂസ് ചരക്കിൽ 25,380 കുപ്പി മദ്യമാണ് കണ്ടെത്തിയത്.

അൽ-ബത്ത്ഹ അതിർത്തിയിൽ തന്നെ നടന്ന രണ്ടാമത്തെ കള്ളക്കടത്ത് സംഭവത്തിൽ കുടിവെള്ള കുപ്പികളുടെ ചരക്കിൽ ഒളിപ്പിച്ച നിലയിൽ 16,800 കുപ്പി മദ്യമാണ് കണ്ടെത്തിയത്
മൂന്നാമത്തെ മദ്യ കടത്ത് ശ്രമം ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 24,132 മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. ഫിൽട്ടർ മെഷീനുകളുടെ ചരക്കിനുള്ളിൽ ഒളിപ്പിക്കാനുള്ള ശ്രമമാണ് കണ്ടെത്തിയത്.

എല്ലാ കള്ളക്കടത്തു ശ്രമങ്ങളും പിടികൂടുന്നതിനും തടയുന്നതിനും പരമാവധി ശ്രമിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ ഇറക്കുമതികളിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുകയും ചെയ്യുന്നുണ്ടെന്നും എല്ലാ തരത്തിലും കള്ളക്കടത്തിനെതിരായ പോരാട്ടം തുടരുകയാണെന്നും അതോറിറ്റി പറഞ്ഞു.

1910 എന്ന നമ്പർ വഴി കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ എല്ലാവരോടും ആശയവിനിമയം നടത്താൻ അതോറിറ്റി എല്ലാവരോടും ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ പൂർണ്ണമായും രഹസ്യമായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു..