വ്യാജ സഊദിവൽക്കരണം: സ്വകാര്യ സ്ഥാപനങ്ങളുടെ 7,200 ലേറെ തൊഴിൽ വീസകൾ മന്ത്രാലയം റദ്ദാക്കി

1 Min Read

ജിദ്ദ: സഊദി അറേബ്യയിൽ വ്യാജ സൗദിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം കർശന നടപടി സ്വീകരിച്ചു.

ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിച്ച 7,200 ലേറെ തൊഴിൽ വീസകളാണ് റദ്ദാക്കിയത്. ഇതിനു പുറമെ, കുറ്റക്കാരായ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾക്ക് താൽക്കാലിക വിലക്കും ഏർപ്പെടുത്തി.

സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ വഴി സംശയാസ്പദമായ 91,000 കേസുകൾ പരിശോധിച്ചപ്പോഴാണ് 13,509 വ്യാജ സൗദിവൽക്കരണങ്ങൾ കണ്ടെത്തിയത്. പേരിന് മാത്രം സൗദികളെ ജോലിയിൽ കാണിച്ച് നിതാഖാത്ത് ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന രീതിയാണിത്. ഇങ്ങനെ വ്യാജമായി രജിസ്റ്റർ ചെയ്തവരെ നിതാഖാത്ത് പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും അവർക്ക് യഥാർഥ തൊഴിൽ ഉറപ്പാക്കാൻ മാനവശേഷി വികസന ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു.

ആദ്യ പാദത്തിൽ രണ്ടര ലക്ഷത്തോളം സ്ഥാപനങ്ങളിൽ മന്ത്രാലയ സംഘം നേരിട്ട് പരിശോധന നടത്തിയിരുന്നു. ഇതിലൂടെ ആകെ 1.68 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പദവി ശരിയാക്കാൻ നിർദേശിച്ച് 2.30 ലക്ഷം സ്ഥാപനങ്ങൾക്ക് വാണിങ് നോട്ടീസ് നൽകി.

റിക്രൂട്ട്‌മെന്റ് ഓഫിസുകളിൽ നിന്ന് 3,522 നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോൾ, നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച് പരസ്യം ചെയ്ത 238 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയും നടപടിയെടുത്തു. മനുഷ്യക്കടത്ത് സംശയിക്കുന്ന 54,000 കേസുകളിലും മന്ത്രാലയം അന്വേഷണം നടത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 15,563 പരാതികളിൽ ഭൂരിഭാഗവും നിശ്ചിത സമയത്തിനകം തീർപ്പാക്കിയതായും അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version