അബ്ദുറഹീമിന് പാസ്പോർട്ട് ആയി; എക്സിറ്റ് വിസ ലഭിച്ച് പുറത്തിറങ്ങിയാൽ ഉടൻ നാട്ടിലേക്ക്

2 Min Read

മോചിതനാകുന്നത് 20 വർഷത്തെ കാരാഗ്രഹജീവിതത്തിൽ നിന്ന്

റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനതിനുള്ള നടപടികൾ ഉടൻ തുടങ്ങും. സഊദി ആഭ്യന്തര മന്ത്രാലയം മോചനം സാധ്യമാക്കുന്നതോടെ ഉടൻ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. സഊദി  ബാലൻ കൊല്ലപ്പെട്ട കേസിൽ ഇരുപത് വര്ഷം മുമ്പാണ് കോഴിക്കോട് ഫറോക് സ്വദേശിയായ അബ്ദുറഹീം സഊദിയിൽ ജയിലിൽ അകപ്പെട്ടതും വധശിക്ഷ വിധിക്കപ്പെട്ടതും. പിന്നീട്, ദിയാധനം കൈമാറിയതോടെ വധശിക്ഷ ഒഴിവാക്കപ്പെടുകയായിരുന്നു.

നീണ്ട 20 വർഷത്തെ കാരാഗ്രഹ ജീവിതത്തിൽ നിന്ന് വെളിച്ചത്തിലേക്ക്

ജയിൽ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിൻ്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു. സഊദി കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്‌ചയോടെ പൂർത്തിയാകും. അതോടെ അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. തുടർന്ന് സഊദി സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധനം ഒരുക്കാനാണ് നിയമ സഹായ സമിതിയുടെ തീരുമാനം.

ശിക്ഷയായി വധശിക്ഷ

2006 ന​വം​ബ​റി​ലാ​ണ് സഊദി  ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. തന്റെ സ്പോൺസറുടെ മകൻ മരിക്കാനിടയായ നിർഭാഗ്യകരമായ സംഭവത്തെത്തുടർന്നാണ് റഹീം സഊദിയിൽ ജയിലിലായത്. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സഊദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്​​ദു​ൽ റഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ അടയാളമായി 34 കോടി രൂപ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിൻ്റെ ശിക്ഷാ കാലാവധി അവസാനിക്കും. ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്. ദയാധനം കൈമാറിയതിനെത്തുടർന്ന് 2024 ജൂലൈയിലാണ് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തുടർന്ന് വിധിച്ച തടവുശിക്ഷ കൂടി പൂർത്തിയാകുന്നതോടെ റഹീമിന് ഇനി നാട്ടിലേക്ക് മടങ്ങാം. വരും ദിവസങ്ങളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റഹീം കോഴിക്കോട്ടെ തന്റെ വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

കരഞ്ഞു കരഞ്ഞു കണ്ണീര് വറ്റിയ ഉമ്മ

രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്‌നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടിൽ നിന്ന് മകൻ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവൻ തിരികെ വരുന്നത് കാണാൻ ഉമ്മ ദിനങ്ങളെണ്ണി കഴിയുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version