ഉമ്മൻചാണ്ടിയെയും പിന്നിലാക്കി ചാണ്ടി ഉമ്മൻ; സൈക്കിൾ ചവിട്ടി കയറിയത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്

1 Min Read

കോട്ടയം: കേരളം ഇതുവരെ കാണാത്ത വേറിട്ട പ്രചാരണ രീതിയുമായി വോട്ടുതേടിയ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്. അരനൂറ്റാണ്ട് കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച പിതാവ് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടക്കുന്ന പ്രകടനമാണ് ചാണ്ടി ഉമ്മൻ കാഴ്ചവെച്ചത്. 52,907 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

മണ്ഡലത്തിൽ ഫ്ലക്സോ പോസ്റ്ററുകളോ ഇല്ലാതെ, വെറും സൈക്കിളിൽ സഞ്ചരിച്ച് വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. കോടികൾ ഒഴുക്കിയുള്ള പരമ്പരാഗത പ്രചാരണ രീതികളെ പാടെ ഉപേക്ഷിച്ച അദ്ദേഹം, വോട്ട് കുറഞ്ഞാലും സാരമില്ലെന്നും പ്രചാരണത്തിനായി മാറ്റിവെക്കുന്ന തുക പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ജനങ്ങൾ ഈ ലാളിത്യത്തെ വലിയ ഭൂരിപക്ഷത്തോടെയാണ് സ്വീകരിച്ചത്. രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയപ്പോഴും സൈക്കിൾ റാലി സംഘടിപ്പിച്ചാണ് ചാണ്ടി ഉമ്മൻ ശ്രദ്ധേയനായത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 40 ലക്ഷം രൂപ പോലും അദ്ദേഹം പ്രചാരണത്തിനായി ചിലവഴിച്ചില്ല.

2023 ലെ ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടിന്റെ ലീഡോടെയാണ് ചാണ്ടി ഉമ്മൻ ആദ്യമായി സഭയിലെത്തിയത്. അന്ന് ഉമ്മൻചാണ്ടി 2021 ൽ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ചാണ്ടി ഉമ്മൻ നേടിയിരുന്നു. മൂന്ന് വർഷത്തിനിപ്പുറം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആ ഭൂരിപക്ഷം 50,000 കടത്തി പുതുപ്പള്ളിയിലെ സർവ്വകാല റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. പണക്കൊഴുപ്പില്ലാത്ത രാഷ്ട്രീയത്തിന് പുതുപ്പള്ളി നൽകിയ വലിയ അംഗീകാരമായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version