കോഴിക്കോട്: വെളളിമാടുകുന്ന് ജെഡിടി ഇസ്‌ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയയ്‌ക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിന് അതൃപ്തിയെന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്‌ട്രോങ് റൂമിനോട് ചേര്‍ന്ന റിസര്‍വ് റും ഉദ്യോഗസ്ഥര്‍ തുറന്ന സംഭവത്തില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫാത്തിമ തഹ്‌ലിയ നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് സ്ഥലത്തെത്തിയതെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഫാത്തിമയുടെ നടപടികളില്‍ ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും അവരുടെ ഭര്‍ത്താവ് അഡ്വ. കെ ശഹസാദ് സ്ഥലത്തെത്തിയത് സ്ഥാനാര്‍ത്ഥിയുടെ എക്‌സ്‌പെന്റിച്ചര്‍ ഏജന്റ് എന്ന നിലയ്ക്കാണെന്നും ലീഗ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വരണാധികാരി ഒരു മണിക്കൂര്‍ മുന്‍പ് മാത്രം വിവരമറിയിച്ചതിനാല്‍ പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്ന, സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട വ്യക്തി എന്ന നിലയിലാണ് ശഹസാദ് അവിടെ എത്തിയതെന്നും ആരും എത്തിയില്ലെങ്കിലും തിടുക്കപ്പെട്ട് മുറി തുറക്കാന്‍ പോവുകയാണ് എന്ന ഘട്ടമെത്തിയപ്പോഴാണ് ശഹസാദിന് അവിടെ കയറേണ്ടിവന്നതെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
ജെഡിടി കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുറി തുറക്കുന്ന കാര്യം വരണാധികാരി നേരത്തെ അറിയിച്ചിട്ടും അക്കാര്യം ഫാത്തിമ തഹ്‌ലിയ യുഡിഎഫ്, ലീഗ് നേതൃത്വങ്ങളെ അറിയിച്ചില്ലെന്നായിരുന്നു വിമര്‍ശനം.
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ്
കോഴിക്കോട് ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനോട് ചേർന്ന റിസർവ്വ് റൂം ഉദ്യോഗസ്ഥർ തുറന്ന സംഭവത്തിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ അടിസ്ഥാന രഹിതമാണ്. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് സ്ഥലത്തെത്തിയത്. ഫാത്തിമയുടെ നടപടിയിൽ മുസ്‌ലിംലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകളിൽ വാസ്തവമില്ല. ഫാത്തിമ തഹിലിയയുടെ ഭർത്താവ് അഡ്വ. കെ. ശഹസാദ് സ്ഥലത്തെത്തിയത് സ്ഥാനാർത്ഥിയുടെ എക്‌സ്‌പെന്റിച്ചർ ഏജന്റ് എന്ന നിലയിലാണ്.
വരണാധികാരി ഒരു മണിക്കൂർ മുമ്പ് മാത്രം വിവരമറിയിച്ചതിനാൽ പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന, സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വ്യക്തി എന്ന നിലയിലാണ് ശഹസാദ് അവിടെയെത്തിയത്. ആരും എത്തിയില്ലെങ്കിലും തിടുക്കപ്പെട്ട് മുറി തുറക്കാൻ പോവുകയാണ് എന്ന ഘട്ടമെത്തിയപ്പോഴാണ് ശഹസാദിന് അവിടെ കയറേണ്ടി വന്നത്. എൽ.ഡി.എഫിന്റെ പ്രതിനിധിയായി എത്തിയതും ചീഫ് ഇലക്ഷൻ ഏജന്റല്ല.
മെറ്റീരിയൽ റൂം എന്നൊരു മുറി അവിടെയില്ല. പേരാമ്പ്ര സ്‌ട്രോങ് റൂം -5 റിസർവ്വ് റൂം എന്നെഴുതിയ മുറിയാണ് തുറന്നത്. ഇ.വി.എം മെഷീനുകൾ സൂക്ഷിച്ച മുറിയുടെ തൊട്ട്മുകളിൽ അതീവ സുരക്ഷാ മേഖലയിലാണ് ഈ മുറിയുള്ളത്. പേരാമ്പ്രയിലെ 13 സ്ഥാനാർത്ഥികളിൽ രണ്ട് പേരെ മാത്രം വിവരമറിയിച്ച് റിസർവ്വ് റൂം തുറന്നത് ചട്ടലംഘനമാണ്. മുറി തുറക്കുമ്പോൾ വരണാധികാരി പോലും അവിടെയുണ്ടായിരുന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന കാര്യമാണ്. കേന്ദ്ര സേനയുടെ നിയന്ത്രണത്തിൽ നിലനിർത്തേണ്ട സ്ഥലത്താണ് സംസ്ഥാന സർക്കാറിന്റെ പത്തോളം ഉദ്യോഗസ്ഥർ ലാഘവത്തോടെ കയറുകയും യാതൊരു നിയന്ത്രണവുമില്ലാതെ മൂന്ന് മണിക്കൂറിനടുത്ത് ചെലവഴിക്കുകയും ചെയ്തത്.
ഓരോ വോട്ടർമാരെയും ആശങ്കയിലാക്കുന്ന നടപടിയാണിത്. ഇത്രയേറെ ഗൗരവമുള്ള ഒരു വിഷയത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും യാതൊരു പരാതിയുമില്ലാത്തത് ജനാധിപത്യവിശ്വാസികൾക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വോട്ടെണ്ണൽ കഴിയുന്നത് വരെ ഒരു മുറിയും തുറക്കാൻ പാടില്ലെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പുതിയ ഉത്തരവ് യു.ഡി.എഫിന്റെ ജാഗ്രതയുടെ ഫലമാണ്.





