റിയാദ്: സന്ദര്‍ശക വിസയിലുള്ളവരെ മക്കയിലേക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനായി എത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം സഊദി റിയാല്‍ (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി തീര്‍ഥാടകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് കൃത്യമായി നിയന്ത്രിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ ഹജ്ജ് ചട്ടങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.’പെര്‍മിറ്റില്ലാതെ ഹജ്ജില്ല’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടികള്‍.
സന്ദര്‍ശക വിസയില്‍ എത്തിയവര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ചാല്‍ അവര്‍ക്കും കടുത്ത പിഴയും നാടുകടത്തലും നേരിടേണ്ടി വരും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് 999 എന്ന നമ്പരിലും വിവരം അറിയിക്കാവുന്നതാണ്.
ചന്ദ്രമാസപ്പിറവി അനുസരിച്ച് ഈ വര്‍ഷത്തെ ഹജ്ജ് മെയ് 25 മുതല്‍ 30 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ ഹജ്ജ് പെര്‍മിറ്റില്ലാത്ത ആരെയും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.





