ന്യൂഡൽഹി∙ ഐഐടി ബിരുദധാരിയും സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുമായ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. യുവതിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരനായിരുന്ന രാഹുലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
ദ്വാരകയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തുന്നതിനു മുൻപ് മറ്റൊരു യുവതിയെ രാഹുൽ പീഡിപ്പിച്ചിരുന്നെന്ന് അന്വഷണത്തിൽ കണ്ടെത്തി. രണ്ടു ദിവസത്തിനുള്ളിൽ പ്രതി രണ്ട് പീഡനവും ഒരു കൊലപതാകവും നടത്തിയെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപാണ് രാഹുലിനെ യുവതിയുടെ വീട്ടിൽ നിന്ന് പുറത്താക്കിയത്. മറ്റു ജോലിക്കാരിൽ നിന്ന് കടം വാങ്ങുകയും അത് തിരികെ കൊടുക്കാതിരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാഹുലിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്. അന്വേഷണത്തിൽ രാഹുൽ ഓൺലൈൻ ചൂതാട്ടങ്ങളിലും ഗെയിമുകളിലും പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തി.
യുവതിയുടെ വീട്ടിൽ നിന്ന് പ്രതി പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതാണ് കേസിൽ നിര്ണായകമായത്. സംഭവം നടക്കുന്നതിന്റെ തലേദിവസം പ്രതി തന്റെ നാടായ ആൾവാറിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയിരുന്നു.
യുവതി താമസിക്കുന്ന ഇടത്തേയ്ക്ക് എത്താൻ നാല് വാതിലുകൾ തുറക്കേണ്ടതുണ്ട്. ഇതിൽ മൂന്നെണ്ണം പാസ്വേർഡ് ലോക്കാണ്. രാഹുലിന് കോഡുകൾ അറിയാമായിരിക്കാം എന്നാണ് നിഗമനം. കൂടാതെ താക്കോലുകൾ സൂക്ഷിച്ച ഇടം ഏതാണെന്ന് ഇയാൾക്ക് അറിയാമായിരിക്കുമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിന്റെ കാരണം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിലായിരിക്കും കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രതി ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും മറ്റൊരു യുവതിയേയും ഇയാൾ ബലാത്സംഗം ചെയ്തിരുന്നെന്നും പൊലീസ് കണ്ടെത്തി.
ഡൽഹിയിലെത്തുന്നതിനു തൊട്ടുമുൻപ് തന്റെ നാടായ ആൽവാറിൽ വച്ചാണ് മറ്റൊരു യുവതിയെ രാഹുൽ പീഡിപ്പിച്ചത്. അതിജീവിത തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. യുവതിയുടെ ഭർത്താവും രാഹുലും സുഹൃത്തുക്കളായിരുന്നു. ഇരുവരും എപ്പോഴും ലുഡോ കളിക്കാറുണ്ടായിരുന്നു. മുൻപ് രാഹുലിന്റെ കുടുംബം യുവതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു.
മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് 22കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി യുപിഎസ്സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. യുവതിയെ ബുധനാഴ്ച രാവിലെയാണ് കൈലാഷ് ഹിൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
