സോൾ: സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വിമാനം കൂട്ടിയിടിപ്പിച്ച ദക്ഷിണകൊറിയൻ യുദ്ധവിമാന പൈലറ്റിന് 88 ദശലക്ഷം വോൺ (ഏകദേശം 55 ലക്ഷം രൂപ) പിഴ. 2021ലുണ്ടായ അപകടത്തിൽ പൈലറ്റിനു വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
മറ്റൊരു യൂണിറ്റിലേക്ക് മാറുന്നതിനു മുൻപുള്ള തന്റെ അവസാനത്തെ ആകാശയാത്ര അവിസ്മരണീയമാക്കാൻ പൈലറ്റ് ആഗ്രഹിച്ചിരുന്നു. ഇതിനായി പറക്കലിനിടയിൽ സ്വന്തം ചിത്രങ്ങളും വിഡിയോകളും പകർത്താൻ അദ്ദേഹം ശ്രമിച്ചു. മണിക്കൂറിൽ 578 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഈ സാഹസം.
മറ്റൊരു വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനോടും സഹപ്രവർത്തകനോടും തന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ഇയാൾ ആവശ്യപ്പെട്ടു. മികച്ച ദൃശ്യങ്ങൾ ലഭിക്കുന്നതിനായി, മറ്റ് പൈലറ്റുമാരുമായി ആലോചിക്കാതെ വിമാനം 137 ഡിഗ്രി വരെ ചരിച്ചും മറ്റ് വിമാനങ്ങൾക്ക് അരികിലൂടെയും പറപ്പിച്ചു. ഈ അശ്രദ്ധമായ നീക്കത്തിനിടയിൽ വിമാനത്തിന്റെ വാലിലെ സ്റ്റബിലേറ്റർ ഭാഗം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരുക്കേറ്റില്ലെങ്കിലും വിമാനങ്ങൾക്ക് ഏകദേശം 878 ദശലക്ഷം വോണിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചു. നാശനഷ്ടത്തിന്റെ മുഴുവൻ തുകയും നൽകണമെന്ന് പ്രതിരോധ മന്ത്രാലയം ആദ്യം ഉത്തരവിട്ടെങ്കിലും പൈലറ്റ് ഇതിനെതിരെ അപ്പീൽ നൽകി. തുടർന്ന് കേസ് പരിശോധിച്ച ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്പെക്ഷൻ പിഴത്തുക ആകെ നഷ്ടത്തിന്റെ 10 ശതമാനമായി കുറച്ചു.
നേരത്തെയും ചില പൈലറ്റുമാർ ഇത്തരത്തിൽ നിയമവിരുദ്ധമായി ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നതും, അപകടത്തിന് ശേഷവും പൈലറ്റ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നതും പരിഗണിച്ചാണ് പിഴ കുറച്ചത്. 2010 മുതൽ മികച്ച സേവന റെക്കോർഡുള്ള പൈലറ്റാണ് ഇദ്ദേഹമെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ടത് എഫ്-15കെ വിഭാഗത്തിൽപെട്ട വിമാനമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
