തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നൈ: ആവേശകരമായ പ്രചാരണത്തിന് ശേഷം തമിഴ്നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ബൂത്തുകളിൽ മോക്ക് പോളിങ് നടത്തിയ ശേഷം ഏഴ് മണിയോടെ പോളിങ് ആരംഭിച്ചു.

സംസ്ഥാനത്ത് 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടെ 5.67 കോടി വോട്ടർമാരുണ്ട്. 12.51 ലക്ഷം പേർ കന്നിവോട്ടർമാരാണ്. തെങ്കാശി അടക്കം വിവിധ ജില്ലകളിൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നിണ്ട നിര രൂപപ്പെട്ടിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ അർധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കന്യാകുമാരി, നാഗർകോവിൽ, കുളച്ചൽ, പത്മനാഭപുരം, വിളവൻകോഡ്, കിള്ളിയൂർ എന്നിവയാണ് മണ്ഡലങ്ങൾ. കേരളവുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വിളവൻകോട്.