“വരാനിരിക്കുന്നത് അത്ഭുതകരമായ രണ്ട് ദിവസങ്ങള്‍”; വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്ന് ട്രംപ്

0
45

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ ജോനാദന്‍ കാള്‍സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും വരാനിരിക്കുന്നത് അത്ഭുതകരമായ രണ്ട് ദിവസങ്ങളാണെന്നുമാണ് ട്രംപ് പറഞ്ഞത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്ന സൂചനയും അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് നല്‍കിയതായി ജോനാദന്‍ കാള്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന രണ്ട് ദിവസങ്ങളില്‍ അത്ഭുതകരമായ കാര്യങ്ങള്‍ കാണും എന്നാണ് താന്‍ കരുതുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.

യുദ്ധം ഏത് രീതിയിലും അവസാനിക്കാം. എങ്കിലും നയതന്ത്രപരമായ ഒത്തുതീര്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നത്. ഒരു കരാറിലെത്തുന്നതാണ് നല്ലതെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഇറാന് എല്ലാം പുനര്‍നിര്‍മിക്കാന്‍ കഴിയും എന്നും ട്രംപ് പറഞ്ഞു.

ഇറാനില്‍ ഇപ്പോള്‍ പുതിയ ഭരണകൂടമാണെന്നും ഭീകരവാദികളെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും തുടരുന്ന ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വിലയിരുത്തി. വാഷിങ്ടണില്‍ വസന്തകാല യോഗത്തിലാണ് ഐഎംഎഫ് വിലയിരുത്തല്‍.

സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍ക്കേണ്ട ആഘാതം ഇതിനോടകം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇന്ന് യുദ്ധം അവസാനിക്കുകയാണെങ്കിലും പോലും സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകും. എന്നാല്‍, യുദ്ധം തുടരുകയാണെങ്കില്‍ ചിത്രം മാറും. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്താല്‍, ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 2 ശതമാനമായി കുറയുമെന്നും അടുത്ത വര്‍ഷം പണപ്പെരുപ്പം 6 ശതമാനത്തിലധികം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധി ഓരോ രാജ്യത്തെയും വ്യത്യസ്തമായ രീതിയിലായിരിക്കും ബാധിക്കുക. എങ്കിലും, മേഖലയിലെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ ഇത് സാരമായി ബാധിക്കും. യുഎസിനെക്കാള്‍ ഈ ആഘാതം വികസ്വര രാജ്യങ്ങളായിരിക്കും കൂടുതലായി അനുഭവിക്കേണ്ടി വരിക. ആ രാജ്യങ്ങളിലെ ആഘാതം യുഎസിനേക്കാള്‍ ഇരട്ടിയാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.