‘നിതിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയിരുന്നു’; നിർണായക ചാറ്റുകളടക്കം കണ്ടെത്തി

0
16

തിരുവനന്തപുരം: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.

അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിന്‍ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ വായ്പ സംഘം നിതിൻ്റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തി.

ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്‍റെ അച്ഛന്‍ പറയുന്നു.