വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സൈനിക നടപടികൾ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ അടിയന്തരമായി ഉപരോധം ഏർപ്പെടുത്താൻ യു എസ് നാവികസേനയ്ക്ക് അദ്ദേഹം നിർദേശം നൽകി. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുന്നതിനൊപ്പം ഇറാനു ടോൾ നൽകി അന്താരാഷ്ട്ര സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും തടയാൻ ട്രംപ് നിർദ്ദേശം നൽകി. ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഏതെങ്കിലും ഇറാനികൾ നമുക്ക് നേരെയോ സമാധാനപരമായ കപ്പലുകൾക്ക് നേരെയോ വെടിയുതിർത്താൽ അവരെ നരകത്തിലേക്ക് അയക്കും (Blown to hell)” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റേത് ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഭീഷണിയാണെന്നും (World Extortion) അമേരിക്ക ഒരിക്കലും അതിന് വഴങ്ങില്ലെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇറാന്റെ നാവിക, വ്യോമ സേനകളും റഡാർ സംവിധാനങ്ങളും നിലവിൽ തകർക്കപ്പെട്ട അവസ്ഥയിലാണെന്നും ഖാംനഈ അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടത് അവരുടെ ആണവ മോഹം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ യു എസ് സൈന്യം പൂർണ്ണ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള സമാധാന ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെങ്കിലും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കം തുടരുന്നതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.





