വിമാന ടിക്കറ്റ് യഥേഷ്ടം മാറ്റാം; ആനുകൂല്യം 2027 വരെ നീട്ടി ഇത്തിഹാദ്

അബുദാബി: മേഖലയിലെ സംഘർഷ സാഹചര്യം പരിഗണിച്ച് അധിക നിരക്ക് ഈടാക്കാതെ (നോ-ചേഞ്ച് ഫീ) വിമാന ടിക്കറ്റ് മാറ്റുന്നതിനുള്ള ആനുകൂല്യം 2027 മാർച്ച് വരെ നീട്ടിയതായി ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

 പുതിയ തീരുമാനം അനുസരിച്ച് യാത്രാ തീയതിയോ സെക്ടറോ മാറ്റാം. സംഘർഷ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് ഇത്തിഹാദ് വ്യക്തമാക്കി.  അവധിക്കാല യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യാന്തര സഞ്ചാരികൾക്കും പ്രവാസികൾക്കും ഈ നീക്കം വലിയ ആശ്വാസമാകും.

 സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചു. യാത്രക്കാർക്ക് കൃത്യസമയത്ത് അപ്‌ഡേറ്റ് നൽകാൻ ഗ്രൗണ്ട് സ്റ്റാഫിനും നിർദേശം നൽകി. പഠനാവശ്യങ്ങൾക്ക് വിദേശത്തേക്കു പോകുന്ന വിദ്യാർഥികൾക്കും യാത്ര മാറ്റേണ്ടി വന്നാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.