“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഡൽഹി: യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലൂടെ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് വഴി സുഗമമായ യാത്ര ഉറപ്പാക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിൽ ഉണ്ടായിരിക്കുന്ന വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഇത് ദീർഘകാല സമാധാനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുമ്പും ഞങ്ങൾ തുടർച്ചയായി ഉന്നയിച്ചതുപോലെ, സംഘർഷത്തിന് വേഗത്തിൽ വിരാമമിടാൻ സംഘർഷം ലഘൂകരിക്കൽ, സംഭാഷണം, നയതന്ത്ര ഇടപെടൽ എന്നിവ അനിവാര്യമാണ്.

ഈ സംഘർഷം ഇതിനോടകം ജനങ്ങൾക്ക് വലിയ ദുരിതം സൃഷ്ടിക്കുകയും ആഗോള ഊർജ വിതരണത്തെയും വ്യാപാര ശൃംഖലകളെയും ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും ആഗോള വ്യാപാരവും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും കരാറിലെത്തി എന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചതായാണ് ട്രംപ് അറിയിച്ചത്. രണ്ടാഴ്ച വെടിനിര്‍ത്തലിനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമാണ് തീരുമാനം. ഇറാനുമായി അന്തിമ കരാറിലെത്തുന്നതിനായി ഈ രണ്ടാഴ്ചത്തെ സമയം ഉപയോഗിക്കുമെന്നും ട്രംപ് അറിയിച്ചു.