മണിപ്പൂരിൽ വീണ്ടും അക്രമം; ബോംബേറില്‍ രണ്ട് കുരുന്നുകള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സമാധാനം തകര്‍ത്ത് വീണ്ടും അക്രമം. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗ് ട്രോംഗ്ലോബിയിൽ ഇന്നലെ പുലർച്ചെയുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടു.

കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ ഒരുമണിയോടെ അ‍ജ്ഞാതര്‍ വീടിനുനേരെ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സ്ഫോടനത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ സമീപത്തെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് എണ്ണ ടാങ്കറുകള്‍ക്കും ട്രക്കിനും തീവച്ചു. മൊയ്‌രാംഗ് പോലീസ് സ്റ്റേഷന് മുന്നിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ച ജനക്കൂട്ടം താൽക്കാലിക പോലീസ് ഔട്ട്‌പോസ്റ്റ് തകർക്കുകയും ചെയ്തു. അക്രമണം വ്യാപിച്ചതോടെ മേഖലയില്‍ കൂടുതല്‍ പൊലീസിനെയും സുരക്ഷാഭടന്മാരെയും വിന്യസിച്ചു.

ബോംബാക്രമണം ‘മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യ’മാണെന്ന് മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗ് പറഞ്ഞു. ‘കുറ്റവാളികള്‍ ആരായാലും എവിടെയായാലും വേട്ടയാടിപ്പിടിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കും’ – മുഖ്യമന്ത്രി ഉറപ്പുനല്‍കി. മണിപ്പൂരിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും ഖേംചന്ദ് സിങ് പറഞ്ഞു. 

സംഘർഷം പുകയുന്നു

മെയ്തേയ് – കുക്കി സോ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം നിലനിൽക്കുന്ന ചുരാചന്ദ്പൂർ മലനിരകളോട് ചേർന്ന പ്രദേശമാണ് മൊയ്‌രാംഗ് ട്രോംഗ്ലോബി. 2023-ലും 2024-ലും ഈ പ്രദേശത്ത് ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്ന് മറ്റൊരു സ്ഫോടകവസ്തു കൂടി പോലീസ് കണ്ടെടുത്തു. മണിപ്പുരില്‍ 2023 മേയിൽ ആരംഭിച്ച വംശീയ സംഘർഷങ്ങളിൽ ഇതുവരെ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.