എടത്വ: അപ്രതീക്ഷിതമായി ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിലാണ് തലവടി ആനപ്രമ്പാല്‍ കൊച്ചമ്മനം മംഗലത്ത് ബേക്കറി ഉടമയായ കുഞ്ഞച്ചാമ്മ. കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റ് ഭാഗ്യം കൊണ്ടെത്തിച്ചതെന്ന സന്തോഷത്തിലാണ് കുഞ്ഞച്ചാമ്മ. നഷ്ടമായെന്ന് കരുതിയിരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തുകയാണ് കുഞ്ഞച്ചാമ്മയ്ക്ക് ലഭിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞച്ചാമ്മ പ്രസ്തുത ലോട്ടറിയെടുത്തത്. പത്രത്തില്‍ 5000 രൂപ വരെയുള്ള ഫലം നോക്കിയ കുഞ്ഞച്ചാമ്മ ലോട്ടറി അടിച്ചില്ലെന്ന് കരുതി ചവറ്റുകുട്ടയില്‍ ഇട്ടു. വൈകുന്നേരം കട അടച്ച് പോകുന്ന സമയത്ത് അത് കളയുകയും ചെയ്തു. എന്നാല്‍ പെസഹ ദിവസമായതിനാല്‍ വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങി വന്നപ്പോഴാണ് സമ്മാനം അടിച്ച കാര്യം സഹോദരന്‍ അറിയിക്കുന്നത്.
പിന്നാലെ രാത്രി തന്നെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് ടിക്കറ്റ് തപ്പിയെടുക്കുകയായിരുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു ടിക്കറ്റിന് 5000 രൂപയും കുഞ്ഞച്ചാമ്മയ്ക്ക് ലഭിച്ചു. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ തലവടി ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഒന്നോ രണ്ടോ ലോട്ടറി എടുക്കുന്നയാണ് കുഞ്ഞച്ചാമ്മ. എന്നാല്‍ ഇതുവരെ 1000, 5000 രൂപ വരെ മാത്രമായിരുന്നു കുഞ്ഞച്ചാമ്മയ്ക്ക് ലഭിച്ചത്. ആദ്യമായാണ് ഒരു ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചത്.
