മൊബൈൽ ഫോണിനായി പ്രാർത്ഥിച്ചു; ദുബായ് നൽകിയത് പുത്തൻ കാർ! പ്രവാസി യുവാവിന് ഈദ് സമ്മാനമായി അപ്രതീക്ഷിത ഭാഗ്യം

0
50

പ്രിയപ്പെട്ടവരെ ഒന്ന് വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിനായി മനസ്സുരുകി പ്രാർത്ഥിച്ച പ്രവാസി യുവാവിന് ദുബായ് സമ്മാനിച്ചത് പ്രതീക്ഷകൾക്കും അപ്പുറമുള്ള വലിയൊരു ഭാഗ്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് തൊഴിലാളികൾക്കായി ഒരുക്കിയ ഈദ് ആഘോഷ വേദിയിൽ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സബീറിനെ തേടിയെത്തിയത് ഒരു പുത്തൻ കാറാണ്.

വെറും 18 മാസങ്ങൾക്ക് മുൻപ് പ്രവാസിയായി ദുബായിൽ എത്തിയ സബീർ, ജി.ഡി.ആർ.എഫ്.എയുടെ ‘ബ്ലൂ കണക്ട്’ എന്ന ആപ്പിലൂടെയാണ് ഓൺലൈൻ ആഘോഷങ്ങളിൽ പങ്കുചേർന്നത്. നറുക്കെടുപ്പിലൂടെ കാർ ലഭിച്ച വിവരം അറിഞ്ഞ് വികാരധീനനായ സബീർ, സമ്മാനക്കൈമാറ്റ ചടങ്ങിൽ കണ്ണീരോടെയാണ് താക്കോൽ ഏറ്റുവാങ്ങിയത്.

‘കുടുംബ വർഷം 2026’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വിപുലമായ ആഘോഷത്തിൽ നേരിട്ടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുമായി 50,000ത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. ദുബായിലെ 32 തൊഴിലാളി താമസ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ ഹോളിവുഡ് താരങ്ങളും വിദേശ കലാകാരന്മാരും വെർച്വൽ പ്ലാറ്റ്‌ഫോം വഴി അതിഥികളായെത്തി.

ആഘോഷത്തിന്റെ ഭാഗമായി രണ്ട് കാറുകൾ, 157 സ്മാർട്ട്‌ഫോണുകൾ, 20 യാത്രാ ടിക്കറ്റുകൾ, 30 സ്വർണ്ണ ബാറുകൾ, 156 ഷോപ്പിംഗ് വൗച്ചറുകൾ എന്നിങ്ങനെ ആകെ 365 സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡു, ഫ്ലൈ ദുബായ്, മലബാർ ഗോൾഡ്, നൂൺ എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി വിജയകരമായി പൂർത്തിയാക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നിർണ്ണായകമാണെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.