- ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാന് മേൽക്കൈ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എസ്.ഐ.എസ്
തെൽഅവീവ്: ഇറാൻ യുദ്ധത്തെ തുടർന്ന് ഇസ്റാഈലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യവ്യാപകമായ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടാനുള്ള സർക്കാരിന്റെ അഭ്യർഥന നെസെറ്റ് വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകരിച്ചു.
ഇറാനെതിരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 28നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 25 ദിവസമായി തുടരുന്ന യുദ്ധത്തിൽ രാജ്യത്ത് പലയിടത്തും പ്രതിരോധം ഭേദിച്ച് ഇറാന്റെ മിസൈൽ പതിച്ചത് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടർന്നാണ് അടിയന്തരാവസ്ഥ നീട്ടാൻ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ആവശ്യപ്പെട്ടത്.
അതിനിടെ, ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാന് മേൽക്കൈ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എസ്.ഐ.എസ് (MI6) മുൻമേധാവി സർ അലക്സ് യങർ രംഗത്തെത്തിയിരുന്നു. ഡോണാൾഡ് ട്രംപിന്റെ നയതന്ത്ര പരാജയങ്ങൾ ഇറാൻ മുതലെടുത്തതായും അദ്ദേഹം നിരീക്ഷിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് അടിയന്തര പ്രാധാന്യം നൽകിയില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് പാർലമെന്ററി സമിതിയും മുന്നറിയിപ്പ് നൽകി
2014 മുതൽ 2020 വരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI6-ന്റെ തലവനായിരുന്ന സർ അലക്സ് യങർ ‘ദി ഇക്കണോമിസ്റ്റി’ന് നൽകിയ അഭിമുഖത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്. ഇറാന്റെ കരുത്തിനെ അമേരിക്ക കുറച്ചുകാണിച്ചുവെന്നും രണ്ടാഴ്ച മുമ്പ് തന്നെ മേഖലയിലെ നിയന്ത്രണം അമേരിക്കക്ക് നഷ്ടമായെന്നും അലക്സ് വിമർശിച്ചു.
സൈനിക ശേഷി വികേന്ദ്രീകരിച്ചും അധികാരം വിഭജിച്ചു നൽകിയും ഇറാൻ കൂടുതൽ കരുത്താർജിച്ചു. ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളവൽക്കരിക്കാൻ ഇറാന് സാധിച്ചുവെന്നും അലക്സ് വിലയിരുത്തി. ഇത് അമേരിക്കക്ക് മേൽ നേരിട്ടുള്ള സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ അവരെ സഹായിച്ചു. ‘ഇറാന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നാൽ, ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഐച്ഛികമായ യുദ്ധം മാത്രമാണ്. ഈ തിരിച്ചറിവ് ഇറാനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു’ -സർ അലക്സ് വ്യക്തമാക്കി.





