യുഎസ് യുദ്ധവിമാനങ്ങൾ കടക്ക് പുറത്ത്; വ്യോമാതിർത്തി വിലക്കി സ്വിറ്റ്സർലൻഡ്

0
10

വാഷിങ്ടൻ: ഇറാന്റെ എണ്ണയുൽപാദന ശൃംഖലയുടെ നെടുംതൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. കയറ്റുമതിക്കുള്ള ഇറാനിയൻ എണ്ണയുടെ 90 ശതമാനവും ഖാർഗിലെ സംസ്കരണശാലകളിലാണ് തയാറാകുന്നത്. 

ഹോർമുസ് കടലിടുക്കി‍ൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. അതേസമയം ഹോർമുസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവഴിയുള്ള കപ്പലുകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. അതിനിടെ, യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാപാത ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി സ്വിറ്റ്സർലൻഡ്.

സൗദിയിലെ ജിദ്ദയിലേക്ക് കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് നഗരങ്ങളിൽ നിന്ന് ആകാശ എയർ പ്രത്യേക സർവീസ് നടത്തും. അതേസമയം, 17 വരെ റിയാദ്, അബുദാബി, ദോഹ, കുവൈത്ത് സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് ആകാശ എയർ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കാനും തീയതി മാറ്റാനും 31വരെ ഫീസ് ഈടാക്കില്ലെന്നും അറിയിച്ചു. ബഹ്റൈൻ വ്യോമ പാത തൽക്കാലം അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ, ഒമാൻ അതിർത്തിയായ ഖതം, ഹഫീത്, അൽ വജാജാ, ഖാത്‌മത് മലാഹ എന്നിവിടങ്ങളിൽ സലാം എയറും ഒമാൻ എയറും ടിക്കറ്റ് കൗണ്ടറുകൾ ആരംഭിച്ചു. മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കു കൂടുതൽ സർവീസുകൾ നടത്തുമെന്നു ഒമാൻ എയർ അറിയിച്ചു.
….