ഗൾഫിലെ ഏഴ് നഗരങ്ങളിലേക്കുള്ള സർവിസുകൾ ഇൻഡിഗോ നിർത്തി വെച്ചു

0
9
  • ദോഹ, കുവൈത്ത്, ഷാർജ, റാസൽഖൈമ, ഫുജൈറ, ബഹ്റൈൻ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഇൻഡിഗോ താൽക്കാലികമായി റദ്ദാക്കിയത്

ന്യൂഡൽഹി: ഇസ്‌റാഈൽഇറാൻ യുദ്ധം ഗൾഫിലെ വ്യോമ മേഖലയെ ബാധിച്ചതോടെ ഗൾഫിലെ പ്രധാന ഏഴു നഗരങ്ങളിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ച് ഇൻഡിഗോ. ദോഹ, കുവൈത്ത്, ഷാർജ, റാസൽഖൈമ, ഫുജൈറ, ബഹ്റൈൻ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഇൻഡിഗോ താൽക്കാലികമായി റദ്ദാക്കിയത്.

സെക്ടറുക്കലിലേക്കുള്ള മാർച്ച് 28 വരെയുള്ള വിമാന സർവ്വീസുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും ഇൻഷു റൻസ് ചെലവുകളും സുരക്ഷഭീഷണിയും കണക്കിലെടുത്താണ് വിമാനക്കമ്പനിയുടെ ഈ നീക്കം. യുദ്ധം കാരണം വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരിമിതികളും നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിച്ചു. നിലവിൽ മാർച്ച് 16 മുതൽ 28 വരെ ആഴ്ചയിൽ 252 സർവിസുകൾ മാത്രമായിരിക്കും ഇൻഡിഗോ പശ്ചിമേഷ്യൻ മേഖലയിലേക്ക് നടത്തുക.

ഇൻഡിഗോ സർവിസുകൾ വെട്ടിക്കുറച്ചെങ്കിലും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവിസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 15 ഞായറാഴ്ച മാത്രം ആകെ 72 വിമാനങ്ങളാണ് ഇരു കമ്പനികളും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ യു.എ.ഇയിലേക്കും സഊദി അറേബ്യയിലേക്കുമായി 52 പ്രത്യേക സർവിസുകൾ ഉൾപ്പെടുന്നു. സ്ലോട്ടുകളുടെ ലഭ്യതക്കും അന്നേ ദിവസത്തെ കാലാവസ്ഥക്കും അനുസരിച്ചായിരിക്കും ഈ സർവിസുകൾ.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോള വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ഇൻഡിഗോ അറിയിച്ചു.