തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൗരിലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
2025 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവ നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 4 മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. രത്നക്കല്ലുകളും പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
1/2 പവൻ്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, 2 പവൻ്റെ കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസ്വരം, ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ, 3 പവൻ വരുന്ന പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം, 4 പവൻ്റെ വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകളും മോഷണം പോയിട്ടുണ്ട്.
2.5 പവൻ്റെ പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ പിരിച്ചെയിൻ, 5 പവൻ്റെ സ്വർണ കുഴി മിന്നു മാല, 6 പവൻ്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള, 2 പവൻ്റെ സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, 1 പവൻ്റെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിൻ, എട്ടുലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കം എന്നിവയും മോഷണം പോയവയിൽ ഉണ്ടെന്ന് പരാതിയിൽ പറയുന്നു.
