ഓസ്കാർ ചടങ്ങുകൾക്ക് ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി? എഫ്ബിഐ മുന്നറിയിപ്പ്, കനത്ത സുരക്ഷയിൽ കാലിഫോർണിയ

കാലിഫോർണിയ: 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങുകൾക്കായി ഒരുങ്ങുകയാണ് ഹോളിവുഡ്. കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ പുരസ്കാര ചടങ്ങുകൾ നടക്കുക. യുഎസിന്റെ കാലിഫോർണിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരദേശ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന എഫ്ബിഐ മുന്നറിയിപ്പിനെത്തുടർന്നാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചിരിക്കുന്നത്.

എബിസി ന്യൂസ് ആണ് ഇത്തരത്തിൽ ഒരു സുരക്ഷാ മുന്നറിയിപ്പ് എഫ്ബിഐ നൽകിയതായി റിപ്പോർട്ട് ചെയ്തത്. യുഎസ് തീരത്തുള്ള “തിരിച്ചറിയപ്പെടാത്ത ഒരു കപ്പലിൽ” നിന്ന് “ഡ്രോണുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണം” നടത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അധികാരികൾക്ക് എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട്.

കാലിഫോർണിയയിലെ ചില ലക്ഷ്യസ്ഥാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കാൻ സാധ്യതയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ആക്രമണത്തിന്റെ “സമയം, രീതി, കൃത്യമായ ലക്ഷ്യസ്ഥാനം, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ” എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ടെന്ന് എബിസി ന്യൂസ് പറയുന്നു.

ഓസ്കാർ വേദിക്ക് ചുറ്റും ലോസ് ഏഞ്ചലസ് പൊലീസ് (LAPD) വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്ക് പുറമെ, സ്വാറ്റ് (SWAT) സംഘം, ബോംബ് സ്ക്വാഡ്, അത്യാധുനിക നിരീക്ഷണ ക്യാമറകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തോളം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടാകും.

ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിന് ഒരു മൈൽ ചുറ്റളവിൽ കർശനമായ സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് ആരംഭിച്ചാൽ തിയേറ്ററിലെ വാതിലുകൾ അടയ്ക്കുകയും പരിപാടി കഴിയുന്നത് വരെ ആരെയും അകത്തേക്കോ പുറത്തേക്കോ കടക്കാൻ അനുവദിക്കില്ല.

സുരക്ഷാ വെല്ലുവിളികൾ ഉണ്ടെങ്കിലും പരിപാടി സുഗമമായി നടക്കുമെന്ന് ഓസ്കാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ അറിയിച്ചു. എഫ്ബിഐയുമായും പൊലീസുമായും ചേർന്ന് മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ആരാധകരും അതിഥികളും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എബിസിയുടെ റിപ്പോർട്ട് വൈറ്റ് ഹൌസ് വൃത്തങ്ങൾ തള്ളിക്കളഞ്ഞു. സംഘർഷ സമയത്ത് കൃത്യവും വസ്തുതാപരവുമായ റിപ്പോർട്ടിങ്ങിനായി നിരവധി പേർ എബിസി പോലുള്ള മാധ്യമങ്ങളെ ആശ്രയിക്കുമ്പോഴും, അവർ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച വരുത്തുന്നു എന്നായിരുന്നു ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലിയുടെ പ്രതികരണം.

‘യുഎസ് ജനതയെ മനഃപൂർവം പരിഭ്രാന്തരാക്കാൻ സാധ്യതയുള്ള തെറ്റായ വിവരങ്ങൾ നൽകുന്നു’ എന്ന് ആരോപിച്ച് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നേരത്തെ വിമർശിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് രാജ്യത്തിന് ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും ലിവറ്റ് വ്യക്തമാക്കിയിരുന്നു.