യാത്രക്കാർക്ക് സൗജന്യ റീബുക്കിങ്ങും പൂർണ റീഫണ്ടും നൽകും; സലാം എയർ

മസ്‌കത്ത്: വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് യാത്രക്കാർക്ക് സൗജന്യ റീബുക്കിങ്ങും പൂർണ റീഫണ്ടും അനുവദിക്കുന്നതായി സലാം എയർ അറിയിച്ചു. മാർച്ച് 10 വരെ ഈ സൗകര്യം പ്രാബല്യത്തിലുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.

സർവീസ് തടസ്സം നേരിട്ട റൂട്ടുകളിലെ യാത്രക്കാർക്ക് 2026 ഏപ്രിൽ 30 വരെ നിശ്ചയിച്ചിരിക്കുന്ന വിമാനയാത്രകൾക്ക് ഒരിക്കൽ സൗജന്യമായി റീബുക്ക് ചെയ്യാനുള്ള അവസരമാണ് നൽകുന്നത്. അതുപോലെ, പിഴയില്ലാതെ ടിക്കറ്റ് തുകക്ക് പൂർണ റീഫണ്ട് നേടാനും യാത്രക്കാർക്ക് അവസരം ലഭിക്കും.

യാത്രക്കാർക്ക് അവരുടെ ബുക്കിംഗ് മാറ്റങ്ങൾ സലാം എയർ മബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘മാനേജ് ബുക്കിങ്’ വിഭാഗം വഴി നടത്താം. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജന്റുമാരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് കമ്പനി നിർദേശിച്ചു.

പ്രദേശത്തെ സാഹചര്യവികാസങ്ങൾ അടുത്തായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിയുടെ പ്രധാന പരിഗണനയെന്നും സലാംഎയർ വ്യക്തമാക്കി.