തിരുവനന്തപുരം: കന്യാകുമാരി ഭാഗത്ത് വെച്ച് കേരളത്തിലെ മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും.
അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പതു പേരെ നേരത്തെ രക്ഷിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് വിയറ്റ്നാമില്‍ നിന്നുള്ള കപ്പലിടിച്ചത്. കൊല്ലത്ത് നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ രാവിലെ 11നാണ് സംഭവം.
രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെ കപ്പല്‍ ഇടിച്ചുകയറുകയായിരുന്നു.വിയറ്റ്നാം കപ്പലിലെ ജീവനക്കാരാണ് ബോട്ടിലെ ഒമ്പതു പേരെയും രക്ഷിച്ചത്. പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് കപ്പലെത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഷിപ്പിങ് ഡയറക്ടറല്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.