അബ്ദുറഹീം മോചനം ഉടൻ; റമദാനിലും വിളിച്ചു സംസാരിച്ചു, മകനെ സ്വീകരിക്കാൻ തേങ്ങുന്ന ഹൃദയവുമായി ഉമ്മ

0
59

റിയാദ്: സഊദിയിലെ റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന് ആശ്വാസം. കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും ഇതിനോടകം കേസിൽ 20 വർഷത്തോളം ജയിലിൽ കഴിഞ്ഞ അബ്ദുറഹീം ജയിൽ ശിക്ഷ പൂർത്തിയാക്കുന്ന മുറക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. നോമ്പിന് റഹീം വിളിച്ചിരുന്നുവെന്നും മെയ് മാസത്തിൽ പുറത്തിറങ്ങുമെന്ന് പറഞ്ഞതായും ഉമ്മ പ്രതികരിച്ചു.

വൻതുക ദിയ (മോചന ദ്രവ്യം) ആയി നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ വിധിപ്രകാരമുള്ള ശിക്ഷ കാലയളവായ 20 വർഷം പൂർത്തിയാകുന്നതോടെ ജയിലിൽ നിന്ന് മോചിതനായേക്കും. വിധിപ്രകാരമുള്ള ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.

സഊദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയധനം നൽകിയതിനാൽ സഊദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതു അവകാശ പ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി 20 വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന സഊദി ബാലൻ അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സഊദി കുടുംബം മാപ്പ് നൽകിയതോടെയാണ് കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.

റഹീമിന്റെ ഉമ്മയുടെ വാക്കുകൾ 👇