കൊച്ചിയിൽ ഇറാൻ പടക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവി സംഘവും ബോട്ട് ഡ്രൈവറും പിടിയിൽ

കൊച്ചി: ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.

മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവന്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിതമേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറൈൻഡ്രൈവിൽനിന്ന് ഒരു ബോട്ട് വാടകയ്‌ക്കെടുത്താണ് റിപ്പബ്ലിക് ടി.വി. റിപ്പോർട്ടറും ക്യാമറമാനും ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്താനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിരോധിതമേഖലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.